
മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയ ജനപ്രിയ താരം ഹാഷിര്‍ ഇപ്പോള്‍ തന്റെ യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ വാഹനം സ്വന്തമാക്കിയിരിയ്ക്കുകയാണ്. വിപണിയിലെത്തി തരംഗം സൃഷ്ടിച്ച ന്യൂജെന്‍ ഡസ്റ്റര്‍ എസ്യുവിയാണ് ഹാഷിറിന്റെ വീട്ടിലേക്ക് എത്തുന്നത്. അലനും കൂട്ടുകാര്ക്കുമൊപ്പമെത്തി ഹാഷിര്‍ പുതിയ കാര്‍ ഏറ്റുവാങ്ങുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്.
12.70 ലക്ഷം രൂപ മുതല്‍ 22.99 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ഡസ്റ്ററിന്റെ ഏത് വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഒതന്റിക്, എവല്യൂഷന്‍, ടെക്നോ, ടെക്നോ പ്ലസ്, ഐക്കണിക് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് റെനോ ഡസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. റെനോ ഗ്രൂപ്പ് മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ (RGMP) നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് പുതിയ ഡസ്റ്റര്‍. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.8 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് ഓപ്ഷനുകളിലാണ് റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 6-സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന് 100 bhp കരുത്തില്‍ 160 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും.
അതേസമയം 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സംവിധാനമുള്ള 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോയ്ക്ക് 163 bhp പവറില്‍ പരമാവധി 280 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുണ്ടാവും. 1.4 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്ന 1.8 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോളിന് 160 bhp പവറില്‍ പരമാവധി 172 Nm ടോര്‍ക്ക് വരെ നിര്‍മിക്കാന്‍ സാധിക്കുന്നതാണ്. അതുവഴി ചെറിയ വേഗതയില്‍ ഇലക്ട്രിക്-ഒണ്‍ലി മോഡില്‍ പ്രവര്‍ത്തിക്കാന്‍ എസ്യുവിയെ പ്രാപ്തമാക്കുന്നു.
6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയുള്‍പ്പെടെ വിപുലമായ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ ഡസ്റ്റര്‍ വിപണിയിലെത്തുന്നത്. കൂടാതെ ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയുള്‍പ്പെടെ 17 സവിശേഷതകളുള്ള ലെവല്‍ 2 ADAS പാക്കേജും ഇത് അവതരിപ്പിക്കുന്നുണ്ട്.






