
ന്യൂഡല്‍ഹി : രാഷ്ട്രീയ മലക്കം മറിച്ചിലിന്റെ ആശാനാണ് നിതീഷ് കുമാറെന്ന വിമര്‍ശനവുമായി മുന്‍ സഹയാത്രികനായ ലാലു പ്രസാദ് യാദവ്. വ്യക്തിതാത്പര്യത്തിന് അനുസരിച്ച് എവിടേക്കും ചാടാന്‍ തയ്യാറുള്ളയാളാണ് നിതീഷ്. ഒപ്പം, രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അവസരവാദിയും.
തന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ രാഷ്ട്രീയമായി ബലികൊടുക്കാന്‍ ആയിരുന്നു നിതീഷിന്റെ ശ്രമമെന്നും പ്രത്യേകം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലാലു ആരോപിച്ചു.
അധികാരക്കൊതി മൂത്ത് എത്ര തവണ നിതീഷ് കുമാര്‍ എത്ര തവണ ചേരി മാറിയിട്ടുണ്ടെന്ന് തനിക്ക് ഓര്‍മ്മ പോലും ഇല്ല. നരേന്ദ്രമോഡിയെ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് സഖ്യം വിട്ട നിതീഷ് കുമാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സഖ്യത്തിലേയ്ക്ക് മടങ്ങിയത് അദ്ദേഹത്തിന്റെ നിലപാടുകളിലെ സ്ഥിരതയില്ലായ്മയ്ക്ക് തെളിവാണെന്നും ലാലു ആരോപിക്കുന്നു.
ഏതാനും ദിവസം മുന്‍പു വരെ മോഡിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളാണ് നിതീഷ്. എന്നാല്‍, ഇപ്പോള്‍ മോദിയെ മുഖസ്ഥിതികൊണ്ട് മൂടുന്ന തിരക്കിലാണ് അയാളെന്നും ലാലു കുറ്റപ്പെടുത്തി.






