
ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരള സന്ദര്‍ശനത്തിന് ചെലവഴിക്കേണ്ട തുക സുപ്രീം കോടതി ഇടപെട്ട് വെട്ടിക്കുറച്ചു. കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്ന 15 ലക്ഷത്തോളം രുപയുടെ കണക്ക് വെട്ടിക്കുറച്ച് 1,18,000 രൂപയാക്കി. കൂടാതെ മദനിക്ക് ഈ മാസം ആറു മുതല്‍ 19 വരെ കേരളത്തില്‍ ചെലവഴിക്കാമെന്നും കോടതി വ്യക്തമാക്കി.
മദനിയുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി ദിനബത്തയും യാത്രാബത്തയും മാത്രമേ മദനിയില് നിന്ന് ഈടാക്കാവൂവെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ തന്റെ സുരക്ഷയ്ക്ക് 19 ഉദ്യോഗസ്ഥര്‍ ആവശ്യമില്ലെന്നും എണ്ണം കുറയ്ക്കണമെന്നുമുള്ള മദനിയുടെ വാദം കോടതി അംഗീകരിച്ചില്ല.
മദനിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രതിദിനം 8,400 രൂപ ചെലവ് കണക്കാക്കി 14 ലക്ഷത്തില്‍ ഏറെ രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് നല്കാന് കഴിയില്ലെന്നു കാണിച്ച് മദനി കോടതിയെ സമീപിക്കുകയായിരുന്നു. അമിത നിരക്ക് ഈടാക്കിയ കര്‍ണാടകയുടെ രീതിയെ കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിക്കുകയും പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.






