
രാജാക്കാട്: ആനയിറങ്കലില്‍ വീണ്ടും ഒറ്റയാന്റെ ആക്രമണത്തില്‍ വ്യാപകനാശം. എസ്റ്റേറ്റ് ലയങ്ങളുടെ പരിസരത്തിറങ്ങിയ കാട്ടാന സമീപത്തെ റേഷന്‍കടയുടെ ജനാലകളും മേല്‍ക്കൂരയും തകര്‍ത്തു. മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര ജീപ്പിന്റെ ചില്ലു തകര്‍ത്തും വാഹനം മറിച്ചിടാനും ശ്രമിച്ചു. സമീപത്തെ പെട്ടിക്കട നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു തൊഴിലാളികള്‍ പണിമുടക്കി കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.
വെള്ളിയാഴ്ച രാത്രി 12.30നാണ് മുറിവാലന് കൊമ്പന് എന്നു നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാന് മുന്നൂറില്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്ന ലയങ്ങളുടെ സമീപത്തെത്തിയത്. എം.എം. രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കടയില്‍ സൂക്ഷിച്ചിരുന്ന അരിയും പഞ്ചസാരയുമായിരുന്നു ലക്ഷ്യം. കരിങ്കല്‍ഭിത്തി തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കെട്ടിടത്തിന്റെ രണ്ടു ജനാലകളുടെ കമ്പികള്‍ ഇളക്കിമാറ്റി. ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയും അടിച്ചു തകര്‍ത്തു.മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ആനയിറങ്കല്‍ സ്വദേശി മൂര്‍ത്തിയുടെ മഹീന്ദ്ര ജീപ്പിനു നേര്‍ക്ക് തിരിയുകയായിരുന്നു. വണ്ടിയുടെ പിന്‍ഭാഗത്ത് മൂന്നിടത്ത് കൊമ്പ് കുത്തിയിറക്കി. മുന്നോട്ടുതള്ളി നീക്കി വാഹനം മറിച്ചിടാനും ശ്രമിച്ചു.
ലയങ്ങളില്‍ ഉറക്കത്തിലായിരുന്ന തൊഴിലാളികള്‍ ശബ്ദം കേട്ടു പുറത്തിറങ്ങി ബഹളമുണ്ടാക്കി. വിവരമറിഞ്ഞ് വനം വകുപ്പ് ബോഡിമെട്ട് ബീറ്റ് ഫോറസ്റ്റര്‍ കെ.കെ. വിനോദിന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി. ലയങ്ങളുടെ നേര്‍ക്കു ആക്രമണമുണ്ടാകാതിരിക്കാന്‍ തൊഴിലാളികളും വനപാലകരും ചേര്‍ന്ന് പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പ്രതിരോധം തീര്‍ത്തു. പുലര്‍ച്ചെ 2.30 നാണ് ഒറ്റയാന് തിരികെ കാട്ടിലേക്കു മടങ്ങിയത്. തിരികെ മടങ്ങുംവഴി റോഡരികിലെ പെട്ടിക്കടയും തള്ളി മറിച്ചിട്ടു. മൂന്നാം തവണയാണു റേഷന്‍കടയ്ക്കു നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്.കാട്ടാനശല്യം തടയുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുന്നതായി ആരോപിച്ച് ഇന്നലെ രാവിലെ ഏഴു മുതല്‍ തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തൊഴിലാളി യൂണിയന് പ്രതിനിധികളും നാട്ടുകാരും പിന്തുണയുമായെത്തി.
ഉപരോധത്തെത്തുടര്‍ന്നു മൂന്നുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ പൂപ്പാറയില്‍നിന്നു രാജാക്കാട് വഴി തിരിച്ചുവിട്ടു 10.30 ന് ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണ്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. 10 ദിവസത്തിനുള്ളില്‍ കോടനാടുനിന്നു കുങ്കിയാനയെ എത്തിച്ച് കാട്ടാനയെ പിടികൂടുമെന്നും അതുവരെയുള്ള ദിവസങ്ങളില്‍ െവെകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ വനം വകുപ്പിന്റെ ദ്രുതകര്‍മസേന പ്രദേശത്ത് സേവനം അനുഷ്ഠിക്കുമെന്നും ഉറപ്പു നല്‍കിയതോടെ തൊഴിലാളികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.






