
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. തെറ്റുചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്. ദിലീപിന്റെ ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് കണ്ടെത്തണമെന്നും ദിലീപിനെ പിന്തുണയ്ക്കാതെ സിനിമക്കാര്‍ ഒളിച്ചോടിയെന്ന് കരുതേണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സിനിമ മേഖലയില്‍ നിന്ന് ദിലീപിന് ലഭിക്കുന്ന ആദ്യത്തെ ശക്തമായ പിന്തുണയാണ് സുരേഷ് കുമാറിന്റേത്.
നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണ് ബന്ധം? താരവും ബിസ്സിനസ്കാരനും വിതരണക്കാരനുമായി ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ പറ്റാത്തപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണ്. ഇത് എന്തിനെന്നും പിന്നില്‍ ആരെന്നും കണ്ടെത്തണം.
ദിലീപിനെതിരെ ഘോര ഘോരം പ്രസംഗിച്ച രാഷ്ട്രീയക്കാരെയും പീഡനക്കേസില്‍ എംഎംഎല്‍എ അറസ്റ്റിലായപ്പോള്‍ കണ്ടില്ല. ചാനലുകള്‍ കയറിയിറങ്ങി ദിലീപിനെ ചീത്ത വിളിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തു വേണമെന്ന് സിനിമ സംഘടനകള്‍ പിന്നീടു ചര്‍ച്ച ചെയ്യുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.






