
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും അപ്രതീക്ഷിത കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിക്ക് പവന് 1,680 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,06,000 രൂപയായി. ഗ്രാമിന് 13,250 രൂപയാണ് ഇന്നത്തെ നിരക്ക്.
വിപണി വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., പണിക്കൂലി, ഹാൾമാർക്കിംഗ് ചാർജ് എന്നിവയും ചേർന്നാൽ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾക്ക് ഇതിലും ഉയർന്ന തുക ചെലവാക്കേണ്ടി വരും. അതേസമയം, വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് നിലവിലെ നിരക്ക്.
ജൂൺ അവസാനം വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വിപണിയിൽ വീണ്ടും വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. ജൂൺ 30-ന് രാവിലെ പവന് 1,02,760 രൂപയായിരുന്ന വില ഉച്ചയോടെ 1,04,160 രൂപയായി ഉയർന്നിരുന്നു. തുടർന്ന് ജൂലൈ 1-ന് രണ്ട് തവണ വില മാറുകയും വൈകിട്ടോടെ 1,04,320 രൂപയിലെത്തുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. യു.എസ്–ഇറാൻ രാഷ്ട്രീയ ചർച്ചകൾക്ക് സാധ്യത തെളിഞ്ഞതോടെ ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും, പണപ്പെരുപ്പ ഭീതിയും പലിശ നിരക്കുകളിലെ അനിശ്ചിതത്വവും ശക്തമായതോടെ യു.എസ് ഡോളർ ദുർബലമായതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.
വിലയിലെ കുത്തനെ വരുന്ന മാറ്റങ്ങൾ കാരണം നിരവധി പേർ കൈവശമുള്ള ആഭരണങ്ങൾ വിറ്റ് ലാഭമെടുക്കാൻ താൽപര്യം കാണിക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വില ഇടിയാമെന്ന ആശങ്ക ശക്തമായതോടെ പഴയ സ്വർണത്തിന്റെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 43 ശതമാനം വരെ വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.






