
പൂനെ: പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ടെമ്പോ തടഞ്ഞ ഗോ രക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ശനിയാഴ്ച്ച വൈകിട്ടോടെ അഹമ്മദ് നഗര്‍ ജില്ലയില്‍ ഷ്രിംഗോഡ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസിനൊപ്പമെത്തിയ ഗോരക്ഷകര്‍ വണ്ടി തടയുകയും വാഹനത്തിലുണ്ടായിരുന്ന 12ഓളം കന്നുകാലികളെ മാറ്റുകയും ചെയ്തു.
ആക്രമണത്തിനു തൊട്ടുമുന്‍പ് പശുക്കളുമായി പോയ ടെംപോ വാന്‍ തടഞ്ഞ് ഗോരക്ഷകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോരക്ഷകര്‍ക്കു നേര്‍ക്ക് തിരിച്ചടിയുണ്ടായത്. ആക്രമണത്തില്‍ നിരവധി ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.
പോലീസിനൊപ്പമാണ് ഗോരക്ഷകര്‍ പശുവുമായി പോയ വാഹനം തടഞ്ഞത്. തിരിച്ചടി ലഭിച്ചതിനു പിന്നാലെ ഗോരക്ഷകര്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പശുവുമായി പോയ വാഹനത്തിന്റെ ഉടമയായ വാഹിദ് ഷെയ്കിനെയും ഡ്രൈവര്‍ രാജു ഫത്രുഭായ് ഷെയ്കിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ശിവശങ്കര്‍ രാജേന്ദ്ര സ്വാമി എന്നയാളാണ് എല്ലാ ശനിയാഴ്ചയും ഷ്രിഗോഡ താലൂക്കില്‍ നടക്കുന്ന അനധികൃത പശു വ്യാപാരത്തെ സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. അഖില ഭാരതീയ കൃഷി ഗോസേവാ സംഘിലെ അംഗമാണ് താനെന്നും തനിക്ക് ഗോരക്ഷാ പ്രമുഖ് പദവിയുണ്ടെന്നും ഇയാള്‍ വാദിക്കുന്നു.






