
''ചേട്ടാ സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും. ഇപ്പോള്‍ ചെയ്യാത്ത കുറ്റത്തിനാണ് ജയിലില്‍ കിടക്കുന്നത്. എനിക്കൊരു മകളുള്ളതാണ്. ഞാന്‍ ഒരിക്കലും ഇങ്ങിനെയൊരു കാര്യം ചെയ്യില്ല. ഇപ്പോള്‍ എനിക്ക് മോശം സമയമാണ്. സത്യം എന്നായാലും പുറത്തുവരും. '' നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജയിലില്‍ കിടക്കുന്ന ദിലീപിനെ സന്ദര്‍ശിച്ച ശേഷം നിര്‍മ്മാതാവ് സുരേഷ്കുമാര്‍ ദിലീപ് തന്നോട് പറഞ്ഞതായി അറിയിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങിനെയായിരുന്നു.
ജയിലിലായി ഒരു മാസം കഴിഞ്ഞിട്ടും തന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെല്ലാം ഇപ്പോഴും നിഷേധിച്ചുകൊണ്ടിരിക്കുന്ന ദിലീപിന്റെ കാര്യത്തില്‍ ഉറ്റവര്‍ക്കും ഉടയവര്‍ക്കും അദ്ദേഹത്തിന്റെ ഏതാനും കട്ട ഫാന്‍സിനും ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. താരത്തിന് എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ ദിലീപിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ആശങ്ക തുടരുകയാണ്. ഒരു കേസിന് പിന്നാലെ വസ്തുകയ്യേറ്റം ഉള്‍പ്പെടെയുള്ള അനേകം കേസുകള്‍ കൂടി വന്നതോടെ നില പരുങ്ങലിലായിരിക്കുന്ന താരത്തിനെ ജയിലില്‍ നിന്നും പുറത്തിറക്കാതിരിക്കാന്‍ തക്ക വിധത്തിലുള്ള തെളിവുകള്‍ കൂട്ടിച്ചേര്‍ക്കുന്ന തിരക്കിലാണ് പോലീസ്.
ജൂലൈ 10 ന് രാത്രി 10.30 ന് ദിലീപ് കേസില്‍ അറസ്റ്റിലായപ്പോള്‍ ആരാധകര്‍ മാത്രമല്ല ഞെട്ടിയത്. സിനിമാമേഖല ഒന്നാകെയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളില്‍ നിന്നും പുറത്തായ താരത്തിനെ പിന്നീട് നടന്മാരുടെ സംഘടനയും തള്ളിപ്പറഞ്ഞു. ഇതിനിടയില്‍ ഒട്ടേറെ നടീനടന്മാര് ഇരു ചേരികളില്‍ ആകുകയും ചെയ്തു. നടന്റെ കുടുംബജീവിതവും വ്യക്തിപരമായ കാര്യങ്ങളുമെല്ലാം വിചാരണ ചെയ്യപ്പെട്ടു. കുടുംബാംഗങ്ങളെ പോലും മാധ്യമങ്ങള്‍ വെറുതേ വിട്ടില്ല. ഭക്ഷണം കഴിക്കുന്നതും സൗകര്യങ്ങള്‍ നല്‍കുന്നെന്നും ആരോപിച്ച് ജയിലിലും താരത്തിനെ വേട്ടയാടി. ഒടുവില്‍ താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായി എന്ന തരത്തില്‍ കൂടി വാര്‍ത്തകള്‍ 30 ദിവസം പിന്നിട്ടപ്പോള്‍ എത്തി.
റിമാന്‍ഡിലായിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍. ദിലീപ് െഹെക്കോടതിയില്‍ ഇന്ന് പുതിയ ജാമ്യാപേക്ഷ നല്‍കുന്നുണ്ട്. 15നു ശേഷമാകും കേസ് പരിഗണിക്കുക. പ്രോസിക്യൂഷന് കഴിഞ്ഞതവണ ജാമ്യം നിഷേധിക്കാന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാവും പുതിയ ജാമ്യാപേക്ഷ. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തുകഴിഞ്ഞതും ഫോണ്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനാവാത്തതും മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ നശിപ്പിച്ചുകളഞ്ഞെന്ന അറസ്റ്റിലായ അഭിഭാഷകന്റെ മൊഴിയും പുതിയ ഹര്‍ജിയില്‍ കാണിക്കും. ഈ സാഹചര്യത്തില്‍ പ്രതിയെ ഇനിയും റിമാന്‍ഡില്‍ വയ്ക്കുന്നത് ശരിയല്ലെന്നാണു പ്രധാനവാദം.
ഒരു പ്രതിയുടെ മൊഴി മറ്റൊരു പ്രതിയ്ക്കെതിരായ തെളിവിനെ ബാധിക്കില്ല. അതിനാല്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും പുതിയ ഹര്‍ജിയില്‍ ഉന്നയിക്കും. ദിലീപിന്റെ മുന്‍ അഭിഭാഷകന് കെ. രാംകുമാര്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചിനു മുമ്പാകെയാണ് വീണ്ടും അപേക്ഷ സമര്‍പ്പിക്കുക. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പോലീസിന്റെ തീരുമാനം. പള്‍സര്‍ സുനി പറയുന്ന 'മാഡ'ത്തിന്റെ കഥ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണംവേണം. ദുബായ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയെപ്പറ്റിയും സൂചന കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ് കോടതിയെ ബോധിപ്പിക്കും.






