
ന്യൂഡല്‍ഹി: നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദികള്‍ക്ക് കടുത്ത സമ്മര്‍ദമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക ഞെരുക്കവും വിദേശസാമ്പത്തിക സഹായത്തിന്റെ വരവിനെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാനും കശ്മീരിലെ നിയമവിരുദ്ധ പ്രവര്‍ത്തങ്ങളെ വലിയൊരളവില്‍ തടയാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഡോക് ലാം വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല. പകരം സൈന്യത്തില്‍ പൂര്‍ണമായും വിശ്വാസം ആര്പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ താഴ്വരയില് നിന്നും ഭീകരരെ തുടച്ചുനീക്കാനുള്ള നിരന്തരശ്രമത്തിലാണ് സൈന്യം എന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ രണ്ട് പ്രശ്നങ്ങളാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. ഒന്ന് ജമ്മു ആന്‍ഡ് കശ്മീര്‍. രണ്ടാമത്തേത് രാജ്യത്തിന്റെ മധ്യഭാഗങ്ങളെ ബാധിച്ചിരിക്കുന്ന ഇടതുപക്ഷ ഭീകരതയാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.






