
മുംബൈ: മയക്കുമരുന്നു ലഹരിയില്‍ നിരന്തരം മര്ദ്ദിക്കലിനിരയായിരുന്ന മരുമകളെ രക്ഷിക്കാന്‍ മാതാവ് മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മുംബൈയില്‍ നടന്ന സംഭവത്തില്‍ 45 കാരനായ മകനെയാണ് മാതാവ് കൊലപ്പെടുത്തിയത്. അതിന് ശേഷം രാത്രി മുഴുവന്‍ കരഞ്ഞുകൊണ്ടു മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു.
പിറ്റേന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യും വരെ മൃതദേഹത്തിനൊപ്പം മാതാവ് ചെലവഴിച്ചു. മുംബൈയിലെ മാന്‍ഖുര്‍ദില്‍ മൂന്ന് മക്കള്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമൊപ്പം ജീവിക്കുകയായിരുന്ന 45 കാരി അന്‍വാരി ഇദ്രീസിയാണ് ജന്മം നല്കിയ കൈ കൊണ്ട മകനെ കൊന്നത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ 25 കാരന് ഇളയ മകന് നദീം നയീം അലഹബാദുകാരിയെ വിവാഹം കഴിച്ചത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമായായിരുന്നെന്ന് മാതാവിന് അറിയുമായിരുന്നില്ല.
മയക്കുമരുന്നിനെ തുടര്‍ന്ന ഇയാള്‍ എല്ലാ ദിവസവും ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുക പതിവാക്കിയിരുന്നു. എല്ലാ ദിവസം മര്‍ദ്ദനത്തെ തുടര്‍ന്ന് അഞ്ചു മാസം മുമ്പ് ഭാര്യ പിണങ്ങിപ്പോയിരുന്നു. എന്നിരുന്നാലും മകന് നന്നാവുമെന്ന് പറഞ്ഞ് ഇദ്രീസി മരുമകളെ തിരികെ കൊണ്ടുവന്നു. മകന് ഇനി മദ്യപിക്കില്ലെന്നും മര്ദ്ദിക്കില്ലെന്നും മറിച്ച് സംഭവിച്ചാല്‍ താന്‍ രക്ഷയ്ക്ക് ഉണ്ടാകുമെന്നും വാക്കു പറഞ്ഞായിരുന്നു മരുമകളെ അവര്‍ തിരികെ വീട്ടില്‍ കൊണ്ടുവന്നത്.
എന്നാല്‍ ചൊവ്വാഴ്ച രാത്രി മകന് വീട്ടില്‍ പഴയത് പോലെ പെരുമാറന്‍ തുടങ്ങി. അയാള്‍ അക്രമകാരിയായി മാറുകയും മരുമകളെ തല്ലാന്‍ തുടങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് തന്റെ മക്കളോടും മരുമക്കളോടും അടുത്ത വീട്ടില്‍ പോയി ഉറങ്ങാന്‍ ഇദ്രീസി നിര്‍ബ്ബന്ധിച്ചു. ഇതില്‍ കലിപൂണ്ട് നദീം മാതാവിനെയും തല്ലാന്‍ തുടങ്ങി. അടിയേറ്റ് അവശയായതോടെ അന്‍വാരി മകനെ തള്ളിയിടുകയും ഒരു സ്റ്റീല്‍ ഏണിക്ക് സമീപം തള്ളിയിടുകയും കഴുത്തില്‍ ദുപ്പട്ടയിട്ട് മുറുക്കുകയും ചെയ്തു. രാവിലെ മരുമകള്‍ തിരിച്ചെത്തിയപ്പോള്‍ അന്‍വാരി വിതുമ്പിക്കരയുന്നതാണ് കണ്ടത്. പിന്നീട് അന്‍വാരി എല്ലാം പോലീസിനോട് തുറന്നുപറഞ്ഞു. മരുമകളെ തുടര്‍ച്ചയായുള്ള മര്‍ദ്ദനത്തില്‍ നിന്നും രക്ഷിക്കുന്നതിനാണ് മകനെ കൊന്നതെന്നായിരുന്നു വെളിപ്പെടുത്തല്‍. കേസെടുത്ത പോലീസ് അന്‍വാരിയെ അറസ്റ്റ് ചെയ്തു.






