തിരുവനന്തപുരം: നടന് ശ്രീനാഥിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജന്‍സിയോ ശ്രീനാഥിന്റെ മരണം അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശ്രീനാഥ് ജീവനൊടുക്കില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്. പരാതിയില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
മോഹന്‍ലാല്‍ ചിത്രമായ ശിക്കാറില്‍ അഭിനയിച്ചു കൊണ്ടിരിക്കെ 2010 ഏപ്രില്‍ 23നാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
ഏപ്രില്‍ 22ന് ലൊക്കേഷനില്‍ എത്തിയ ശ്രീനാഥിനോട് 30നേ ഷൂട്ടിംഗ് ഉള്ളുവെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പിറ്റേന്നാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗിന് സമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് ശ്രീനാഥിനെ ഒഴിവാക്കിയതാണെന്നാണ് അണിയറക്കാരുടെ നിലപാട്.






