
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. സമാന ആവശ്യമുന്നയിച്ച ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
സംഭാവനാ ക്രമക്കേട് വിവാദം തുടരുന്നതിനിടെ അയോധ്യാ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ഇന്ന് ചേരും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ രാജി ട്രസ്റ്റ് അംഗീകരിച്ചതായി സൂചനയുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്നത്തെ യോഗത്തിൽ ചമ്പത് റായ് പങ്കെടുക്കുന്നില്ല. വിവാദത്തിന് ശേഷമുള്ള ട്രസ്റ്റിന്റെ ആദ്യ യോഗമാണിത്.
കേസിലെ പ്രതിയായ അവിനാഷ് ശുക്ല 19 ലക്ഷം രൂപ ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച വിവിധ രൂപത്തിലുള്ള വെള്ളി ഉരുക്കി കട്ടകളാക്കി സൂക്ഷിക്കാൻ 20 ലക്ഷം രൂപ ചെലവായെന്ന ട്രസ്റ്റിന്റെ വിശദീകരണവും അന്വേഷണസംഘം പരിശോധിക്കുകയാണ്. അതേസമയം, സംഭാവനയായി ലഭിച്ച അഞ്ച് കോടി രൂപ മൂല്യമുള്ള രാമചരിതമാനസ് നഷ്ടമായെന്ന റിപ്പോർട്ടുകൾ ട്രസ്റ്റ് നിഷേധിച്ചു.
കഴിഞ്ഞ ദിവസം അന്വേഷണസംഘം ജയിലിലെത്തി അഞ്ച് പ്രതികളെ ചോദ്യം ചെയ്തിരുന്നു. ചമ്പത് റായിയുടെ വിശ്വസ്തനെന്ന് കരുതപ്പെടുന്ന ടിന്നു യാദവ് ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്. കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ല സംഭാവനാ തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘത്തോട് സമ്മതിച്ചതായും തട്ടിയെടുത്ത പണം പ്രതികൾ തമ്മിൽ തുല്യമായി വീതിച്ചെന്നും മൊഴി നൽകിയതായും അന്വേഷണസംഘം അറിയിച്ചു.






