ലണ്ടന്‍: ബ്രിട്ടനില്‍ സാമ്പത്തീക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പുതിയ പട്ടികയില്‍ ഇന്ത്യന്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിമും. ദാവൂദിന്റെ 21 മറ്റ് പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള മൂന്ന് വിലാസങ്ങളും പട്ടികയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കറാച്ചിയിലെ തന്നെ മറ്റൊരു വിലാസം ഒഴിവാക്കിയിട്ടുണ്ട്.
ബ്രിട്ടണിലെ ട്രഷറി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന പട്ടികയില്‍ ദാവൂദ് ഇന്ത്യന്‍ പൗരനാണെന്ന് പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഘേറാണ് ദാവൂദിന്റെ ജന്മസ്ഥലമായി പറയുന്നത്. 2003 നവംബര്‍ 7 നാണ് ഇയാളുടെ പേര് ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുന്നത്.
1993ലെ മുംബൈ സീരിയല്‍ ബോംബാക്രമണത്തില്‍ 257 പേര് കൊല്ലപ്പെടുകയും 700ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിക്കുകയും പാക്ക് ഒത്താശയോടെ കറാച്ചിയില്‍ ഒളിവില്‍ കഴിയുകയുമാണിപ്പോള്. എന്നാല്‍ പാക്കിസ്ഥാന് ഇതുവരെ അത് അംഗീകരിച്ചിട്ടില്ല.






