
ന്യൂഡല്‍ഹി: സ്വകാര്യത മൗലീകാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് രാവിലെ 11 മണിയോടെ വിധി പറയും. ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. ഒന്‍പതംഗ ബെഞ്ചില്‍ എത്ര ജഡ്ജിമാര്‍ ഹര്‍ജിയെ അനുകൂലിച്ചും എതിര്‍ത്തും വിധിയെഴുതുമെന്നും അവയുടെ അന്തിമ ഫലം എന്താണെന്നും കണ്ടറിയേണ്ടതുണ്ട്. ആറ് വ്യത്യസ്ത വിധികള്‍ വന്നേക്കുമെന്നാണ് സൂചന. ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ചീഫ് ജസ്റ്റ്സീ ജെ.എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് തുടര്‍ച്ചയായ ആറു ദിവസം വാദം കേട്ടതിനു ശേഷമാണ് വിധി പറയാനായി മാറ്റിയത്. ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, എസ്.എ ബോബ്ഡെ, ആര്.കെ അഗര്‍വാള്‍, ആര്.എഫ് നരിമാന്, എ.എം സപ്രെ, ഡി.വൈ ചന്ദ്രചൂഢ്, എസ്.കെ കൗള്‍, എസ്.അബ്ദാുള് നസീര്‍ എന്നിവരും ബഞ്ചിലെ അംഗങ്ങളാണ്. 24 കേസുകളുടെ വിധി പ്രഖ്യാപിക്കുന്ന ഉത്തരവാണിന്ന് പുറത്തിറക്കാന്‍ പോകുന്നത്. ആധാര്‍ കാര്‍ഡിന്റെ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്നാണ് ഡിവിഷണല്‍ ബഞ്ച് പരിശോധിക്കുന്നത്.
കേസിലെ വിധി പ്രസ്താവത്തിന് അടിസ്ഥാനത്തിലായിരിക്കും ആധാര്‍ കേസ് തീര്‍പ്പാക്കുക. നേരത്തേ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്വകാര്യത സംബന്ധിച്ച തര്‍ക്കം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ കേസ് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിട്ടു. മുന്‍കേസുകളില്‍ സ്വകാര്യതയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന വിധികള്‍ പുറപ്പെടുവിച്ചത് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചതോടെ വ്യക്തത വരുത്താന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു.
സ്വകാര്യത മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്ന് 1954ല്‍ എട്ടംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധി ശരിയാണോ എന്നുകൂടിയാണ് ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നത്. ഈ വിധി വന്നശേഷമായിരിക്കും ആധാര്‍ കേസ് എത്ര ജഡ്ജിമാരടങ്ങുന്ന ബെഞ്ച് പരിഗണിക്കണമെന്നതും തീരുമാനിക്കുക. ഇത് ചീഫ് ജസ്റ്റീസ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
സ്വകാര്യത മുഴുവനായും ഉറപ്പുവരുത്താനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. വിഷയത്തില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യത ഉറപ്പുവരുത്താമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. അതേസമയം സ്വകാര്യത മൗലികാവകാശമാണെന്ന നിലപാടാണ് കേരളം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.






