
തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് ബൈക്ക് റേസിങ് ചോദ്യം ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണറവിള സ്വദേശിയായ മനുവാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.
വീടിന് മുന്നിലൂടെ അമിതവേഗത്തിൽ ബൈക്ക് റേസിങ് നടത്തി ശബ്ദമുണ്ടാക്കിയ സമീപവാസികളോട് മനു ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് തർക്കം കൈയാങ്കളിയിലേക്കും പിന്നീട് കുത്തേറ്റ സംഭവത്തിലേക്കും മാറിയെന്നാണ് പൊലീസ് പറയുന്നത്.
കണ്ണറവിളയ്ക്ക് സമീപത്ത് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






