
ന്യൂഡല്‍ഹി: പുരുഷനായി ജോലിയില്‍ പ്രവേശിക്കുകയും ജോലിയിലിരിക്കുമ്പോള്‍ സ്ത്രീയായി മാറുകയും ചെയ്തതിലൂടെ ഇന്ത്യന്‍ നാവികസേനയില്‍ ചരിത്രം സൃഷ്ടിച്ച ഭിന്നലിംഗക്കാരനെ ലിംഗാവസ്ഥ മാനദണ്ഡമാക്കി തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വിശാഖപട്ടണത്ത് ഐഎന്‍എസ് എക്സിലയില്‍ ജോലി ചെയ്തിരുന്ന കഴിഞ്ഞ വര്‍ഷം അവസാനം മുംബൈയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ വഴി പെണ്ണായി മാറിയയാള്‍ക്കാണ് ഈ ദുരവസ്ഥ. ഇയാള്‍ക്കെതിരേ എസ്എന്എല്ആര് (സര്‍വീസ് നോ ലോംഗര്‍ റിക്വയേര്‍ഡ്) ഉപയോഗിച്ചാണ് പിരിച്ചു വിട്ടത്.
സേനയില്‍ ചേരാന്‍ പറഞ്ഞിരുന്ന മാനദണ്ഡങ്ങള്‍ ഇയാള്‍ ലംഘിച്ചെന്നാണ് നാവികസേനയുടെ ന്യായീകരണം. ഏഴുവര്‍ഷം മുമ്പ് നേവല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ചേര്‍ന്നയാളാണ് ഇയാള്‍ക്ക് പിരിച്ചുവിടലിന് വിധേയമായതോടെ പെന്ഷന് ലഭിക്കാനുള്ള സാഹചര്യവും ഇല്ലാതായി. പെന്ഷന് കിട്ടാനായി 15 വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്നതാണ് നിയമം. ഏഴു വര്‍ഷം മുമ്പ് നാവികസേനയില്‍ ചേരുമ്പോള്‍ ലിംഗാവസ്ഥ കോളത്തില്‍ പുരുഷന് എന്ന് കാണിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്. 1990 മുതല്‍ സൈന്യത്തില്‍ ചെറിയതോതില്‍ സ്ത്രീകള്‍ക്കും തൊഴിലവസരം നല്‍കുന്നുണ്ടെങ്കിലും സെയ്ലര്, സോള്‍ജ്യര്‍, എയര്‍മാന്‍ ഇത്യാദി ജോലികളില്‍ പുരുഷന്മാരെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ലിംഗമാറ്റ ശസ്ത്രക്രിയയോ ഭിന്നലിംഗക്കാരെയോ സൈന്യത്തില്‍ പ്രവേശിപ്പിക്കാന്‍ നിയമം അനുശാസിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു നടപടിയെടുത്തത്.
ലിംഗമാറ്റ ശസ്ത്രക്രിയവഴി പെണ്ണായി മാറിയ ഇയാള്‍ പിന്നീട് മുടി വളര്‍ത്തുകയും സാരി ധരിക്കുകയും ചെയ്തിരുന്നു. സൈന്യത്തില്‍ വനിതകളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. നിലവില്‍ സ്ത്രീകളെ സൈന്യത്തില്‍ എടുക്കുന്നുണ്ട് എങ്കിലും അപകടകരമായ ഉയര്‍ന്ന ജോലിയില്‍ നിയോഗിച്ചിരുന്നില്ല. അമേരിക്കന്‍ സൈന്യത്തില്‍ ഭിന്നലിഗക്കാരേയും ലിംഗാവസ്ഥ ഉറപ്പാക്കുന്ന ശസ്ത്രക്രിയകളേയും അത്തരം മരുന്നു കഴിക്കുന്നവരേയുമെല്ലാം നിരോധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു.






