
മറയൂര്‍: ദേവികുളം സബ് കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ സഞ്ചരിച്ച വാഹനം മറയൂര്‍-മൂന്നാര്‍ റോഡില്‍നിന്നു തോട്ടിലേക്കു മറിഞ്ഞു. 30 അടി താഴ്ചയിലേക്കാണ് കളക്ടറുടെ വാഹനം മറിഞ്ഞത്. അപകട സമയത്ത് സബ് കളക്ടറും ഗണ്‍മാനും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. വാഗുവരെ ഭാഗത്തു കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം.
സമീപത്തുള്ള തേയില ഫാക്ടറിയിലെ ജീവനക്കാര്‍ ഉടനെത്തി വാഹനത്തിലുണ്ടായിരുന്ന സബ് കലക്ടറെയും ഡ്രൈവറെയും രക്ഷപ്പെടുത്തി മറ്റൊരു വാഹനത്തില്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമല്ലാത്തതിനാല്‍ ചികിത്സ നല്കി രാവിലെ വിട്ടയച്ചു. ഡ്രൈവര്‍ റോണിയുടെ പരുക്കുകളും സാരമുള്ളതല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.






