
'കോമഡി വിത് കപില്‍' എന്ന പരിപാടിയില്‍ നിന്ന് നടന്മാരായ അജയ് ദേവ്ഗണും ഇമ്രാന് ഹഷ്മിയും ഇറങ്ങിപ്പോയി. പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറായി സെറ്റില്‍ എത്തിയപ്പോഴാണ് അവതാരകനായ കപില്‍ ശര്‍മ എത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞത്. ഏറെ നേരം കാത്തിരുന്ന ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന വിവരമാണ് ലഭിച്ചത്. ഇതോടെ ക്ഷുഭിതരായി അജയും ഇമ്രാന് ഹഷ്മിയും നടിമാരായ ഇല്യാന ഡിക്രൂസ്, ഇഷാ ഗുപ്ത എന്നിവരും ഇറങ്ങി പോവുകയായിരുന്നു.
ഈ താരങ്ങളെല്ലാം ഒന്നിക്കുന്ന പുതിയ ചിത്രം ബാദ്ഷാഹുവിന്റെ പ്രചരണാര്‍ത്ഥമാണ് കോമഡി വിത് കപിലില്‍ പങ്കെടുക്കാന്‍ ഇവര്‍ എത്തിയത്. അതിരാവിലെ തന്നെ ഷൂട്ടിങിനായി സജ്ജരായി ഇവരെല്ലാം എത്തി. എന്നാല്‍ കപില്‍ ശര്‍മ ഉറങ്ങുകയായിരുന്നു. തലേ ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വൈകി കിടന്ന കപില്‍ ഉറങ്ങിപ്പോയതാണെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ആദ്യമായല്ല കപില്‍ കാരണം ഷോ മുടങ്ങുന്നത്. ഭോജ്പൂരി ഗായകനും ബിജെപി എംപിയുമായ മനോജ് തിവാരി ഷൂട്ടിങിന് സെറ്റില്‍ എത്തിയപ്പോള്‍ ഷൂട്ടിങ് മാറ്റിവെച്ചത് വന്‍ വിവാദമായിരുന്നു. ഷാരുഖ് ഖാന്, അര്ജുന് രാംപാല്‍, അര്ജുന് കപൂര്‍, അനില്‍ കപൂര്‍ എന്നിവരുടെ ഷോകളും സമാനമായ രീതിയില്‍ റദ്ധാക്കിയിട്ടുണ്ട്. കപിലിന്റെ ധിക്കാരപരമായ സമീപനമാണ് ഇവരില്‍ പലരേയും ചൊടിപ്പിച്ചത്.






