കൊച്ചി: മലയാള സിനിമയില്‍ തന്റേതായ നിലപാടുകള്‍ തുറന്നു പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത നടനാണ് അലന്‍സിയര്‍. തന്റെ അഭിപ്രായം എവിടെയും വെട്ടിത്തുറന്ന് പറയുന്ന നടനാണ് അദ്ദേഹം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തന്റെ നിലപാട് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിറ്റേന്ന് നടന്ന അമ്മ ജനറല്‍ ബോഡി യോഗം വിവാദമായിരുന്നു.
നടന്മാരും എംഎല്‍എമാരുമായ മുകേഷ്, ഗണേഷ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി സംസാരിച്ചതാണ് വിവാദത്തിന്റെ കാരണം. ഈ സംഭവത്തില്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അലന്‍സിയര്‍ രംഗത്ത് വന്നിരിക്കുന്നത്. അമ്മ ജനറല്‍ ബോഡി യോഗത്തെ വിവാദമാക്കിയത് ഇടതുപക്ഷ എംഎല്‍എമാരാണെന്ന് അലന്‍സിയര്‍ തുറന്നടിച്ചു. വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ നിലപാട് പറഞ്ഞത്.
മുകേഷിന്റേയും ഗണേഷിന്റേയും പേര് പറയാതെയായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനം. തലേന്ന് നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് ഇന്നസെന്റ് മാത്രം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു തീരുമാനം എന്നാണ് അറിഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായി പത്രസമ്മേളനത്തിന് എത്തിയ ഇടത് എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയ അമിതാവേശത്തെക്കുറിച്ച് ഇടതുപക്ഷത്തോടെങ്കിലും വിശദീകരിക്കാന്‍ അവര്‍ തയ്യാറാണമെന്നും അലന്‍സിയര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ സിനിമാ പ്രവര്‍ത്തകര്‍ എറണാകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ജനറല്‍ ബോഡി യോഗം നടന്നത്. പോലീസ് അന്വേഷണത്തില്‍ നടി തൃപ്തി പ്രകടിപ്പിച്ചതിനാല്‍ ഔപചാരികമായ പ്രമേയത്തിന്റെ ആവശ്യം ആരും ഉന്നയിച്ചില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.






