
കോട്ടയം: ആശുപത്രിയില്‍ കിടക്കുന്ന മാതാവിനെ ചികിത്സിക്കാന്‍ ദിവസേനെ 4,000 രൂപ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നിര്‍ദ്ധന യുവാവ് എന്നിട്ടും വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ 18,000 രൂപയടങ്ങിയ പഴ്സ് നഷ്ടപ്പെട്ടയാള്‍ക്ക് തിരിച്ചു കൊടുത്ത മാതൃകയായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ മാതാവിനൊപ്പം കൂട്ടിരിപ്പിന് എത്തിയ 33 കാരന് പത്തനംതിട്ട കൈപ്പട്ടൂര്‍ കരുവിള പടിഞ്ഞാറേറ്റിയില് പ്രശാന്താണ് ഇപ്പോള്‍ താരം.
മെഡിക്കല്‍ കോളേജില്‍ മൂന്നാം വാര്‍ഡില്‍ കിടക്കുന്ന ബാലസുബ്രഹ്മണ്യത്തിന്റെ പണമാണ് പ്രശാന്ത് തിരിച്ചു കൊടുത്തത്. ഇന്ന് രാവിലെയായിരുന്നു പണം അടങ്ങിയ പഴ്സ് ബാലസുബ്രഹ്മണ്യന് നഷ്ടമായത്. ഇത് ശുചിമുറിയുടെ സമീപത്ത് നിന്നും പ്രശാന്തിന് പിന്നീട് കിട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ അത് പോലീസ് എയ്ഡ്പോസ്റ്റില്‍ എത്തി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിപിഒ അജുതോമസിനെ ഏല്‍പ്പിച്ചു. പഴ്സില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബാലസുബ്രഹ്ണ്യത്തെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ ഇയാള്‍ എത്തുകയുമായിരുന്നു.
പണം നഷ്ടമായ ദു:ഖത്തില്‍ ഇരിക്കുകയായിരുന്ന ബാലസുബ്രഹ്മണ്യം പോലീസ് വിളിച്ചപ്പോള്‍ തന്നെ ഓടിയെത്തുകയും തുടര്‍ന്ന് അജു തോമസ് പണം കൈമാറുകയും ചെയ്തു. അമ്മ ഓമനയുടെ ചികിത്സാര്‍ത്ഥമാണ് പ്രശാന്ത് മെഡിക്കല്‍ കോളേജില്‍ എത്തിയത്്. ദിവസേനെ വന്‍ തുക വേണ്ടിയിരുന്ന അവസ്ഥയില്‍ ആയിട്ടും മറ്റൊരാളുടെ പണം എടുക്കാന്‍ കൂട്ടാക്കാതെ സത്യസന്ധതയുടെ ഉദാത്ത മാതൃക കാട്ടിയ പ്രശാന്തിന് ഇപ്പോള്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അഭിനന്ദനം ഏറുകയാണ്.






