തൃശൂര്‍: പോലീസ് മര്‍ദ്ദനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന് നീതി തേടി ഓണനാളില്‍ ദളിത് സംഘടനകള്‍ ഉപവസിക്കുന്നു. തൃശൂര്‍ കോര്പ്പറേഷന് ഓഫീസിന് മുന്‍പിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. വിനായകന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നത് ഉള്‍പ്പെടെ നാല് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തില്‍ വിനായകന്റെ കുടുംബവും പങ്കെടുക്കും.
വിനായകന് ജീവനൊടുക്കി ഒന്നര മാസം പിന്നിട്ടിട്ടും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. വിനായകനെ മര്‍ദ്ദിച്ച പാവറട്ടി പോലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയാണ് ചെയ്തതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദളിത് സംഘടനകളുടെ പ്രതിഷേധം.
പ്രതിഷേധ സൂചകമായി വായ് മൂടിക്കെട്ടിയുള്ള പ്രകടനവും ഉണ്ടാകും. സമരത്തിന് ശേഷം നടപടി ഉണ്ടായില്ലെങ്കില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.






