ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ നാലോളം ഐഎഎസുകാരാണ് മന്ത്രിയായത്. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനവും ഇക്കൂട്ടത്തില്‍ മന്ത്രിയായി. ആര്‍കെ സിംഗ് ഐഎഎസാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയന്‍. 26 വര്‍ഷം മുന്‍പ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആര്‍കെ സിംഗ്.
അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അദ്വാനിയുടെ രഥയാത്ര തടയാന്‍ നിയോഗിച്ച ഉദ്യോഗസ്ഥനാണ് ആര്‍കെ സിംഗ്. അന്ന് ബീഹാര്‍ സര്‍ക്കാരില്‍ ഒരു വകുപ്പ് സെക്രട്ടറിയായിരുന്നു ആര്‍കെ സിംഗ്. ഐപിഎസ് ഓഫീസര്‍ രാേേശ്വര് ഒറാണിനൊപ്പമാണ് അദ്വാനിയുടെ രഥയാത്ര തടയാന്‍ ഹെലികോപ്റ്ററില്‍ സമസ്തിപൂരിലേക്ക് ഇദ്ദേഹം പോയത്.
ബിജെപി പ്രവര്‍ത്തകര്‍ കാവല്‍ നിന്നിരുന്ന വീടിന്റെ വാതിലില്‍ മുട്ടി വിളിച്ച് അദ്വാനിക്ക് അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് അറിയിച്ചത് ആര്‍കെ സിംഗ് ആയിരുന്നു. പിന്നീട് അദ്വാനിയെ അറസ്റ്റ് ചെയ്ത് പാട്നയിലേക്ക് കൊണ്ടു പോയി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്വാനി ബിജെപിയില്‍ തഴയപ്പെടുകയും ആര്‍കെ സിംഗ് മന്ത്രിയാവുകയും ചെയ്തു.






