
ഓണം റിലീസുകള്‍ ഇത്തവണ താര സമ്പന്നമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിങ്ങനെ മലയാള സിനിമയ്ക്ക് പ്രിയങ്കരരായവര്‍ എത്തിയത് കുടുംബ ചിത്രങ്ങളുമായി. ഇവയെല്ലാം നല്ല അഭിപ്രായങ്ങള്‍ മുന്നേറുമ്പോള്‍ ശരിക്കും ഓണം റിലീസുകളോട് മലയാളികളുടെ പ്രതികരണം എന്തെന്ന് വ്യക്തമാക്കുകയാണ് വെളിപാടിന്റെ പുസ്തകം നിര്‍മ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂര്‍. ബോക്സ് ഓഫീസില്‍ മുന്നില്‍ എത്തിയതാരാണെന്ന് കണക്കുകള്‍ വന്നിട്ടില്ലെങ്കിലും വെളിപാടിന്റെ പുസ്തകം നിരാശ നല്‍കാതെ ഒടുന്നു എന്നാണ് ആന്റണിയുടെ വെളിപ്പെടുത്തല്‍.
ആഗസ്റ്റ് 31ന് റിലീസ് ചെയ്ത വെളിപാട്, 200 സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കണക്കുകള്‍ പ്രകാരം 11.48 കോടി രൂപ വെളിപാട് നേടി. മറ്റു ചിത്രങ്ങളുടെ കൂടി കണക്കുകള്‍ പുറത്തു വന്നാലേ ഇത്തവണത്തെ ഓണം ആര്‍ക്കൊപ്പമായിരുന്നു എന്ന് മനസ്സിലാകൂ.
പ്രൊഫ: മൈക്കിള്‍ ഇടിക്കുള എന്ന പുരോഹിതന് കൂടിയായ കോളെജ് അധ്യാപകന്റെ വേഷമാണ് ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാലിന്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. 'അങ്കമാലി ഡയറീസ്' ഫെയിം അന്ന രേഷ്മ രാജന് നായികയാവുന്ന ചിത്രത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ 'അപ്പാനി രവി'യെ അവതരിപ്പിച്ച ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോന്, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍ എന്നിവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരുമിക്കുന്നു. വിഷ്ണു ശര്‍മ്മയാണ് ക്യാമറ. ഷാന്‍ റഹ്മാന് സംഗീതവും അജയന് മാങ്ങാട് കലാസംവിധാനവും നിര്‍വഹിക്കുന്നു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളെജായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.






