തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരം തര്‍ക്കിച്ച് തീര്‍ത്തു, ഇത് നിത്യ സംഭവമാണ്. മുരുകന് ചികിത്സ നല്‍കാമായിരുന്നു. ഗുരുതരാവസ്ഥയിലുളള രോഗിയെ കൊണ്ടു വരുമ്പോഴുളള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ റിപ്പോര്‍ട്ട ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അടിയന്തിര പ്രാധാന്യമുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ നാളെ ഉന്നത തല യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ട്. ഡോക്ടര്‍ ആര് എല്‍ സരിത അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മുരുകന്റെ ദാരുണ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച സംഭവിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ഒരു രോഗിയെ കൊണ്ടുവരുമ്പോള്‍ ജീവന് രക്ഷപെടുത്താന്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ പാലിക്കുന്നില്ല. അടിയന്തിര പ്രാധാന്യമുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും വീഴ്ച പറ്റുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ദേശീയ പാതയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ തിരുനെല്‍വേലി സ്വദേശിയായ മുരുകന് ഇക്കഴിഞ്ഞ് ആഗ്സറ്റ് ഏഴിനാണ് മരിച്ചത്.
പരുക്കേറ്റതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആറ് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടക്കം എല്ലാവരും ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളജ്, അസീസിയ മെഡിക്കല്‍ കോളജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്യുടി ആശുപത്രി എന്നിയ്ക്കെതിരെ നിലവില്‍ കേസെടുത്തിട്ടുണ്ട്.






