
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനു നികുതി പകുതിയിലേറെ കുറയ്‌ക്കാനുള്ള ബജറ്റ് പ്രഖ്യാപനം വിവാദമാകുന്നു. മദ്യക്കമ്പനികള്‍ക്കു കോടികളുടെ നേട്ടമുണ്ടാക്കുന്ന തീരുമാനത്തിനു പിന്നില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷംരംഗത്തെത്തി.
നിലവില്‍ സ്‌പിരിറ്റില്‍നിന്നുള്ള മദ്യത്തിന് 251% നികുതിയാണ് സംസ്‌ഥാനത്ത്
ഈടാക്കുന്നത്. എന്നാല്‍, 10% വരെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യങ്ങള്‍ക്ക് നികുതി 120 ശതമാനമായി കുറയ്‌ക്കാനാണ് ബജറ്റ് നിര്‍ദേശം. 10-20% വീര്യമുള്ള മദ്യങ്ങള്‍ക്ക് 175% നികുതിയും നിശ്‌ചയിച്ചു. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കും പരിഹാരം കാണാന്‍ കാര്യമായ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ മദ്യത്തിന് വന്‍നികുതിയിളവ് നല്‍കിയത് ദുരൂഹമാണെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആരോപിച്ചു. സംസ്‌ഥാനത്ത് മദ്യത്തിന്റെ ഉപയോഗം വ്യാപകമാക്കാനാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ ശ്രമമെന്ന് മുന്‍മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. തീരുമാനത്തിനു പിന്നില്‍ കര്‍ണാടക മദ്യലോബിയുടെ ഇടപെടലുണ്ട്. അവരില്‍നിന്ന് എത്ര കിട്ടിയെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കണം. നികുതി ഇളവിലൂടെ സ്വകാര്യ മദ്യക്കമ്പനികള്‍ക്കാണ് ഏറ്റവും നേട്ടമുണ്ടാകുകയെന്നും രാജേഷ് ആരോപിച്ചു. എന്നാല്‍, വീര്യം കുറഞ്ഞ മദ്യത്തിനു നിയമപരമായ അടിത്തറയൊരുക്കിയത് എല്‍.ഡി.എഫ്. സര്‍ക്കാരാണെന്ന് എക്‌സൈസ് മന്ത്രി എം. ലിജു തിരിച്ചടിച്ചു. 2023-ലും 2025-ലും അബ്‌കാരി നിയമഭേദഗതിയിലൂടെ 0.5-20% ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളെ പ്രത്യേകവിഭാഗമായി തരംതിരിച്ചത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. അതേ തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്നതു രാഷ്‌ട്രീയവിരോധാഭാസമാണ്. നിലവില്‍ നികുതിഘടന മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന സംബന്ധിച്ച്
അന്തിമനയതീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, വീര്യം കുറഞ്ഞ മദ്യമെന്ന പേരില്‍ ഉപയോഗം വര്‍ധിപ്പിക്കുകയും പിന്നീട് കൂടുതല്‍ വീര്യമുള്ള മദ്യങ്ങളിലേക്കുള്ള വഴി തുറക്കുകയും ചെയ്യുമെന്നാണ് മദ്യവിരുദ്ധസംഘടനകളുടെ ആശങ്ക.
സുനില്‍ ജെ. സണ്ണി






