
കൊച്ചി: സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസി(എസ്.എഫ്.ഐ.ഒ)ല്‍നിന്ന് രേഖകള്‍ ലഭ്യമാകാതെ വന്നതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അന്വേഷണത്തില്‍ മന്ദഗതി.
എസ്.എഫ്.ഐ.ഒ. രേഖകള്‍ 17-നകം ഇ.ഡിക്ക് ലഭ്യമാക്കണമെന്ന് കഴിഞ്ഞയാഴ്‌ച എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 134 രേഖകളാണ് എസ്.എഫ്.ഐ.ഒയുടെ പക്കലുള്ളത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ മുമ്പു രജിസ്‌റ്റര്‍ ചെയ്‌ത കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു രേഖകള്‍ എസ്.എഫ്.ഐ.ഒ. കണ്ടെത്തിയത്. പിന്നാലെ മാസപ്പടിക്കേസ് ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്ക് എത്തി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കാന്‍ രേഖകള്‍ക്കായി കോടതിയെ ഇ.ഡി. സമീപിച്ചു. കഴിഞ്ഞ 17 നകം രേഖകള്‍ കൈമാറണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും ഇതുവരെ ഇത് ഇ.ഡിക്കു ലഭ്യമായില്ല. ഇതോടെയാണ് അന്വേഷണം മന്ദഗതിയിലായത്.
ഇതിനകം ടി. വീണ, സി.എം.ആര്‍.എല്‍. ജോയിന്റ് മാനേജിങ് ഡയറക്‌ടര്‍ ശരണ്‍ എസ്. കര്‍ത്ത, സി.എം.ആര്‍.എല്‍.എം.ഡി. ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത എന്നിവരെ ഇ.ഡി. ഓഫീസില്‍ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം എച്ച്.ഡി.എഫ്.സി. ബാങ്കിലെ വീണയുടെ മരവിപ്പിച്ച അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ബാങ്ക് ലോക്കറുകളും ഇ.ഡി. പരിശോധിച്ചിരുന്നു.






