
മുംബൈ: 257 പേരുടെ ജീവന് അപഹരിച്ച 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി അധോലോക നേതാവ് അബു സലേമിനെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത് പോര്‍ച്ചുഗല്‍ ബന്ധം.
സ്ഫോടനത്തിനു പിന്നാലെ ഒളിവില്‍പ്പോയ അബു സലേമിനെ നടി മോണിക്കാ ബേദിയോടൊപ്പം പോര്‍ച്ചുഗലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പോര്‍ച്ചുഗല്‍ പൗരത്വം ആണ് വധശിക്ഷ നല്‍കുന്നതിന് വിലങ്ങു തടിയായത്. വധശിക്ഷ നല്‍കരുത്, 25 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ ഇടരുത് എന്നീ കര്‍ശന നിബന്ധനകളെ തുടര്‍ന്നാണ് അബു സലേമിനെ ഇന്ത്യയ്ക്ക് കൈമാറിയത്.
മറ്റു പ്രതികളായ താഹിര്‍ മെര്‍ച്ചന്റിനും, ഫിറോസ് ഖാനും വധശിക്ഷ വിധിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ബന്ധത്തിന്റെ പേരില്‍ അബു സലേമില്‍ നിന്ന് കൊലക്കയര്‍ തെന്നിമാറി.
കൂട്ടുപ്രതികളായ അബു സലേമിനും കരിമുള്ള ഖാനും മുംബൈ പ്രത്യേക ടാഡ കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. ഇരുവര്‍ക്കും കോടതി രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. കേസിലെ മറ്റു പ്രതികളായ റിയാസ് സിദ്ദിഖിയ്ക്ക് 10 വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്തി.
മുംബൈ സ്ഫോടനക്കേസിലെ രണ്ടും ഘട്ട വിചാരണയില്‍ അഞ്ചു പ്രതികള്‍ക്കെതിരായ ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. വിധി പ്രസ്താവത്തെ പുഞ്ചിരിയോടെയാണ് അബു സലേം സ്വീകരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തഹീര്‍ മെര്‍ച്ചന്റ് എന്ന തഹീര്‍ , ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്, അബ്ദുള്‍ ഖ്വയം എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുസ്തഫ ദൂസ്സ വിചാരണയ്ക്കിടെ മരണമടഞ്ഞതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദാവൂദ് ഇബ്രാഹിം അടക്കം ഏതാനും ചില പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
1993 മാര്‍ച്ച് 12നാണ് മുംബൈ സ്ഫോടന പരമ്പര അരങ്ങേറിയത്. 257 പേരാണ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സ്ഫോടനം നടത്തല്‍, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു.
അധോലോക നായകന് കൂടിയായ അബു സലേമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. എന്നാല്‍ അബു സലേമിന് പോര്‍ച്ചുഗലില്‍ നിന്ന് വിട്ടുനല്‍കുമ്പോള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ശിക്ഷ ജീവപര്യന്തമാക്കിയത്. കരിമുള്ള ഖാനും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിനുള്ള തെളിവുകളുടെ അഭാവത്തില്‍ കോടതി ആവശ്യം നിരാകരിക്കുകയായിരുന്നു.






