
തിരുവനന്തപുരം: വെങ്ങാനൂരിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനിയായ ഐശ്വര്യ (32) ആണ് മരിച്ചത്. സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ജു (28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്വർണം വാങ്ങിയ ശേഷം ഒളിവിൽ പോയ പനങ്ങോട് സ്വദേശിനിയായ സിന്ധുകുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ പരാതികൾ വർധിക്കുകയാണ്. ഇതുവരെ സാമ്പത്തിക തട്ടിപ്പും വഞ്ചനയും ഉൾപ്പെടെ 10 കേസുകളാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം 30-ന് വൈകിട്ടാണ് അഞ്ജുവും ഐശ്വര്യയും വിഴിഞ്ഞത്തെ ഒരു ജ്യൂസ് കടയിൽ നിന്ന് പാനീയം വാങ്ങി അതിൽ വിഷം കലർത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിൽ, സിന്ധുകുമാരി വിശ്വാസം നേടി സ്വർണാഭരണങ്ങൾ കൈപ്പറ്റിയെന്നും പിന്നീട് തിരികെ ആവശ്യപ്പെട്ടപ്പോൾ അവ വിറ്റുപോയതായി അറിയിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അഞ്ജുവിന്റെയും ഐശ്വര്യയുടെയും കുടുംബാംഗങ്ങളിൽ നിന്ന് ഉൾപ്പെടെ ഏകദേശം 70 പവൻ സ്വർണം കൈക്കലാക്കിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.






