
കൊച്ചി: സിപിഐഎം ബന്ധം ആരോപിക്കപ്പെട്ടതിന് പിന്നാലെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ ചുമതലയുള്ള സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. എം വി വിപിനും രാജിവെച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഹൈക്കോടതിയിലെ രണ്ടാമത്തെ രാജിയാണിത്.
എം വി വിപിന്‍ സിപിഐഎം ബന്ധം ഉണ്ടെന്ന് ചൂണ്ടികാട്ടി ലോയേഴ്സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്നാണ് വിവരം. നേരത്തെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് രാജിവെച്ചിരുന്നു. ഇതിനന് പിന്നാലെയാണ് അടുത്ത രാജിയും വന്നിരിക്കുന്നത്.
കളമശ്ശേരിയിലെ പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എം വി വിപിന്‍ പങ്കെടുത്തിരുന്നു എന്ന ആരോപണം ഉയര്‍ത്തി ലോയേഴ്സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. നേരത്തേ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായിരുന്നു. ഇതോടെ അദ്ദേഹത്തോടും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നു.
നേരത്തേ ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ കുത്തിത്തിരുകുന്നതായി ആരോപണം ഉന്നയിച്ച ലോയേഴ്സ് കോണ്‍ഗ്രസ് ഇക്കാര്യത്തിലുള്ള ആശങ്ക രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അഭിഭാഷകരെ പരിഗണിക്കാതെ ചില വ്യക്തികളുടെ താല്‍പ്പര്യം കടന്നുകൂടുന്നു എന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ത്തിയത്.
ലോയേഴ്സ് കോണ്‍ഗ്രസിലെ അംഗങ്ങളെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പി കെ അബ്ദുറഹ്മാന് നല്കിയ പരാതിയില്‍ പറയുന്നു. നേരത്തേ സീനിയര്‍ ജി പിയായി നിയമിച്ച പി ദീപ്തിയ്ക്ക് എതിരേയും സിപിഐഎം ബന്ധം ആരോപിക്കപ്പെട്ടിരുന്നു.






