
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ എസ്.പി. റാങ്കിലുള്ള ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന് അഴിമതിക്കുരുക്കില്‍. പോലീസ് സ്റ്റേഷനുകളിലെ പെറ്റിക്കേസുകളില്പോലും അവിഹിതമായി ഇടപെട്ട് െകെക്കൂലി വാങ്ങിയ എസ്.പി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുടുങ്ങി. ഭരണരംഗത്ത് ഏറെ സ്വാധീനമുള്ള ഇദ്ദേഹത്തിനെതിരേ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി: പി. എന്‍. ഉണ്ണിരാജന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കി.
വടക്കന്‍ ജില്ലയിലെ താക്കോല്‍ തസ്തികയില്‍ പ്രവര്‍ത്തിക്കവേയാണ് ഇദ്ദേഹം, സ്വന്തം പദവി ദുരുപയോഗം ചെയ്തു ലക്ഷങ്ങള്‍ നേടിയത്. തൃശൂര്‍ റൂറല്‍ എസ്.പി. പദം അലങ്കരിച്ചിരുന്ന ഇദ്ദേഹം സാമ്പത്തിക അഴിമതി നടത്തുന്ന ഉദ്യോഗസ്ഥനാണെന്ന് ആഭ്യന്തര സെക്രട്ടറിക്കു െകെമാറിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് എസ്.പി. വ്യക്തമാക്കുന്നു. പോലീസ് സ്റ്റേഷനുകളിലെ പെറ്റിക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരെ ഉപയോഗിക്കുന്നു.
സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വിജിലന്‍സ് വിഭാഗമാണു തൃശൂര്‍ റൂറല്‍ മുന്‍ ജില്ലാ പോലീസ് മേധാവിക്കെതിരേ അന്വേഷണം നടത്തിയത്. ആഭ്യന്തര വിജിലന്‍സ് അംഗമെന്ന നിലയില്‍ എറണാകുളം റൂറല്‍ എസ്.പി: പി. എന്‍. ഉണ്ണിരാജന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പോലീസ് പിടികൂടുന്ന ടിപ്പറുകളടക്കമുള്ള വാഹനങ്ങള്‍ ഇടനിലക്കാരെ ഉപയോഗിച്ചു വിട്ടുകൊടുക്കുക, ഈ ഇടനിലക്കാര്‍ നല്കുന്ന പരാതികളിന്മേല് പെട്ടെന്ന് അന്വേഷണം നടത്തി നടപടിയെടുക്കുക തുടങ്ങിയ ആരോപണങ്ങളാണ് റൂറല്‍ എസ്.പിക്കെതിരേ ഉയര്‍ന്നിരുന്നത്.
കരിങ്കല്‍, ചെമ്മണ് ക്വാറി മേഖലയിലുള്ളവരുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരനുമായി എസ്.പി. അടുത്ത ബന്ധം പുലര്‍ത്തുന്നു. എസ്.പിയോടുള്ള സ്വാധീനം ഉപയോഗിച്ച് ഇടനിലക്കാരന് പോലീസുദ്യോഗസ്ഥര്‍ക്കെതിരേയുള്ള അടച്ചടക്കനടപടികളിലും ഇടപെടുന്നു-റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എസ്.പി. സാമ്പത്തിക അഴിമതി നടത്തുന്ന ഉദ്യോഗസ്ഥനാണെന്നും പല കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കി യെന്നും പരിചയമുള്ള ആളുകളില്‍നിന്നു പണം കടംവാങ്ങുകയും തുടര്‍ന്നു പണം തിരിച്ചുകൊടുക്കാത്ത രീതികള്‍ അവലംബിക്കുകയും ചെയ്യാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, പോലീസ് സേനയിലെ പുഴുക്കുത്തുകളെ നീക്കം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവന നടത്തിയതിനു തൊട്ടുപിന്നാലെയാണ് എസ്.പിയുടെ അഴിമതിക്കഥ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ എസ്.പിക്കെതിരേ സ്വീകരിക്കുന്ന നടപടി അഴിമതിക്കാര്‍ക്കെതിരെയുള്ള സന്ദേശം കൂടിയായിരിക്കും.






