
ന്യൂഡല്‍ഹി: ബി.ജെ.പിയെ മുഖ്യരാഷ്ട്രീയ ശത്രുവായി മുദ്രകുത്തി എതിര്‍ക്കണമെന്നതില്‍ സി.പി.എമ്മിലെ ഇരു ശാക്തികച്ചേരികളും ഒറ്റക്കെട്ടാണെങ്കിലും കോണ്‍ഗ്രസുമായുള്ള സഹകരണത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം. കോണ്‍ഗ്രസുമായി യാതൊരു വിധ സഹകരണവും പാടില്ലെന്ന നിലപാടില്‍ കാരാട്ട് പക്ഷവും കേരളാ ഘടകവും ഉറച്ചുനില്‍ക്കുമ്പോള്‍ രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാല്‍ മാത്രമേ നിലനില്‍പ്പുള്ളുവെന്ന് യെച്ചൂരിപക്ഷവും ബംഗാള്‍ ഘടകവും വാദിക്കുന്നു.
പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയം മാറ്റുന്നതിനെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം ഇന്നലെ ഡല്‍ഹിയില്‍ സമാപിച്ച പോളിറ്റ് ബ്യൂറോ യോഗത്തിലും പ്രകടമായി. വിഷയത്തില്‍ തീരുമാനമാകാത്തതിനാല്‍ അടുത്ത മാസം ചേരുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലും ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കും. അതിനു മുന്‍പായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വീണ്ടും പോളിറ്റ് ബ്യൂറോ യോഗം ചേരും. പ്രധാന രാഷ്ട്രീയശത്രു ബി.ജെ.പി. തന്നെയെന്നതില്‍ ഇരുപക്ഷത്തിനും വിയോജിപ്പില്ലെങ്കിലും കോണ്‍ഗ്രസിനോടുള്ള നിലപാട് എന്തായിരിക്കണമെന്നതിലാണ് തര്‍ക്കം മുറുകുന്നത്. ബി.ജെ.പി. പ്രധാനശത്രുവായി കണ്ടു പാര്‍ട്ടിയുടെ അടവുനയം മാറ്റണമെന്നാണു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പക്ഷം. എന്നാല്‍, അതിനായി കോണ്‍ഗ്രസുമായി കൂട്ടുചേരാനാകില്ലെന്ന നിലപാടില്‍ പ്രകാശ് കാരാട്ട് ഉറച്ചുനില്‍ക്കുന്നു.
അടുത്ത വര്‍ഷം ഏപ്രില്‍ 18 മുതല്‍ െഹെദരബാദില് നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ രൂപരേഖ സംബന്ധിച്ച പ്രാരംഭ അവതരണം ജനറല്‍ സെക്രട്ടറി നടത്തിയിരുന്നു. വിശാഖപട്ടണത്ത് പാര്‍ട്ടികോണ്‍ഗ്രസ് ചേര്‍ന്ന കാലത്തുള്ള രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്. വര്‍ഗീയകക്ഷികളെ ചെറുക്കാന്‍ അടവുനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്നുമാണ് യെച്ചൂരി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇതിനൊപ്പം കോണ്‍ഗ്രസ്ബന്ധം സംബന്ധിച്ചു പരാമര്‍ശിച്ചിട്ടുമില്ല.
ഒകേ്ടാബറില്‍ ചേരുന്ന സി.പി.എം. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റംവരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നു പി.ബിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധവും പ്രാദേശികപാര്‍ട്ടികളുമായുള്ള നീക്കുപോക്കുകളും ഉള്‍െപ്പടെ രണ്ടുമാറ്റങ്ങളാണ് അടവുനയത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ച ശക്തമാകുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച ഒറ്റക്കെട്ടായി തടയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍, അടവുനയത്തില്‍ സാഹചര്യത്തിന് അനുസരിച്ച് മാറ്റമുണ്ടാകണമെന്നാണ് പശ്ചിമബംഗാള്‍ ഘടകം വാദിക്കുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ ഇതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍, സഖ്യം എന്നു പറയുമ്പോള്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്നും കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസിലെടുത്ത തീരുമാനത്തില്‍ വെള്ളം ചേര്‍ക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് പ്രകാശ് കാരാട്ട് വിഭാഗവും കേരളാഘടകവും വാദിക്കുന്നത്.
ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്നതിന് കോണ്‍ഗ്രസുമായി കൂട്ടുചേരുക എന്ന അര്‍ഥമില്ലെന്നു പ്രകാശ് കാരാട്ട് വ്യക്തമാക്കി. എങ്കില്‍ സി.പി.എമ്മിന്റെ മുഖ്യശത്രു ആരെന്നു ചര്‍ച്ച ചെയ്തു തീരുമാനിച്ചിട്ടു മതി പരിഹാരമാര്‍ഗങ്ങള്‍ ആലോചിക്കുന്നതെന്ന് യെച്ചൂരിയും നിലപാടെടുത്തു. വിശാഖപട്ടണം കോണ്‍ഗ്രസിന്റെ നിലപാട് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ എതിര്‍ക്കണമെന്നായിരുന്നു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുസഖ്യം ഉള്‍പ്പെടെയുള്ള സഹകരണത്തിനായി ബംഗാള്‍ഘടകം വാദിച്ചപ്പോള്‍ പ്രകാശ് കാരാട്ടിനെ അനുകൂലിക്കുന്ന കേരളാഘടകം ഇതിനെ എതിര്‍ത്തിരുന്നു. പോളിറ്റ് ബ്യൂറോ യോഗത്തിലും പശ്ചിമ ബംഗാള്‍ ഘടകം യെച്ചൂരിയുടെ നിലപാടിനൊപ്പം നിന്നപ്പോള്‍ കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ മാറ്റംവരുത്തുന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന നിലപാടാണ് കേരളാഘടകം സ്വീകരിച്ചത്.
രാഷ്്രടപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ ബി.ജെ.പിക്കെതിരേ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ഒരുമിച്ചു നിന്നപ്പോള്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് യെച്ചൂരിയും സജീവമായി നിലകൊണ്ടിരുന്നു. പ്രതിപക്ഷ കൂട്ടായ്മയില്‍ രണ്ടാമതാണു യെച്ചൂരിയുടെ സ്ഥാനം. അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനായി നിലകൊണ്ട യെച്ചൂരി ഇടയ്ക്ക് നിലപാടില്‍ മാറ്റംവരുത്തിയും രംഗത്തെത്തിയിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സി.പി.എം. ഇടതുകക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കില്ലെന്നാണ് യെച്ചൂരി കഴിഞ്ഞ നാലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്. മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ ബി.ജെ.പിയെ എതിര്‍ക്കുന്നവരെ സി.പി.എം. പുറത്തുനിന്നു പിന്തുണയ്ക്കും. മോഡി തരംഗത്തിനെതിരായി ബദല്‍ ഉണ്ടാക്കാന്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോ നേതാക്കളോ ഒരുമിച്ചുനിന്നാല്‍ കഴിയണമെന്നില്ല. ഇത് ജനമുന്നേറ്റത്തിലൂടെ മാത്രമേ സാധ്യമാകു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഒരുതരത്തിലുള്ള സഖ്യത്തിന്റെ ഭാഗമാകാനില്ലെന്നുമാണ് യെച്ചൂരി വ്യക്തമാക്കിയത്.
പട്നയില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ നടത്തിയ റാലിയില്‍ നിന്നു വിട്ടുനിന്നത് സി.പി.എം. മഹാസഖ്യത്തിന്റെ ഭാഗമല്ലാതിരുന്നത് കൊണ്ടു തന്നെയാണ്. 2019 തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ബി.ജെ.പി. വിരുദ്ധ പാര്‍ട്ടിയോ സഖ്യമോ മേല്‍െക്കെ നേടുകയാണെങ്കില്‍ 1996ലും 2004ലും ചെയ്തതു പോലെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നും യെച്ചൂരി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ ഐക്യനിര ഇപ്പോള്‍ രൂപപ്പെട്ടതെങ്കിലും കര്‍മപരിപാടികള്‍ ഏകോപിപ്പിക്കുന്നതില്‍ യെച്ചൂരിയ്ക്ക് വലിയ പങ്കുണ്ട്. രാജ്യസഭയിലും യെച്ചൂരി ഭരണപക്ഷവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നെങ്കിലും കാലാവധി കഴിഞ്ഞതോടെ അതിനിനി സാധിക്കില്ല. അതേസമയം തന്നെയാണ് സി.പി.എമ്മിന്റെ സംഘടനാ തെരഞ്ഞെടുപ്പുകളും സമ്മേളനങ്ങളും തുടങ്ങാനിരിക്കെ രാഷ്ട്രീയ അടവുനയം വീണ്ടും ചര്‍ച്ചയാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിലാണ് അടവുനയം പുന:പരിശോധിക്കുകയെന്നതിനാല് തന്നെ ഇരുപക്ഷവും ജാഗ്രതയിലാണ്.






