ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാട് കടത്തിയില്ലെങ്കില്‍ രാജ്യം വിഭജിക്കപ്പെടുമെന്ന് ആര്‍എസ്എസ് നേതാവ് കെ.എന്‍ ഗോവിന്ദാചാര്യ. ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദാചാര്യ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ പരാമര്‍ശം.
ഇന്ത്യയിലെ വര്‍ദ്ധിച്ച ജനസംഖ്യ ഇതിനകം തന്നെ രാജ്യത്ത് വിഭവങ്ങളുടെ ഉപഭോഗത്തില്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അല്‍ ഖൊയ്ദ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ തുടരുന്നത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുമെന്നും ഗോവിന്ദാചാര്യ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയില്‍ തുടരാന്‍ റോഹിങ്ക്യകള്‍ക്ക് ഭരണഘടനാപരമായ അവകാശമില്ല. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് സ്വന്തം സര്‍ക്കാരില്‍ അധിഷ്ടിതമായ പരമാധികാരമാണ്. അത് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.






