
ഫിയറ്റിന്റെ പ്രശസ്ത 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് നിര 2020 ഓടെ അവസാനിക്കുന്നതായി റിപ്പോര്‍ട്ട്. 2020 ഓടെ മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് VI, ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫിയറ്റ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകള്‍ പിന്‍വാങ്ങുക. മാരുതി സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ, ബോള്‍ട്ട്, ടാറ്റ സെസ്റ്റ്, ഫിയറ്റ് പുന്തോ, ലീനിയ മുതലായ കാറുകളിലൂടെ പ്രചാരം നേടിയതാണ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്.
ഫിയറ്റിന് പ്രാബല്യത്തില്‍ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് ഒത്ത് എഞ്ചിനെ പുതുക്കാന്‍ നിലവില്‍ പദ്ധതിയുമില്ല. ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്റെ പ്രധാന ഉപഭോക്താവ് ടാറ്റ മോട്ടോര്‍സാണ്. അതേസമയം, ടാറ്റ ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന എഞ്ചിനുകളെ ഉത്പാദിപ്പിക്കാന്‍ സ്വയം പര്യാപ്തത നേടിയ സാഹചര്യത്തില്‍, ഫിയറ്റിന്റെ എഞ്ചിന് ആവശ്യക്കാരില്ലാതെയാവുകയാണ്. മാരുതിയും ടാറ്റ മോട്ടോര്‍സും ചുവട് മാറാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഇനി 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകള്‍ ഫിയറ്റ് കാറുകള്‍ക്ക് മാത്രമാകും ആവശ്യമായി വരിക.






