
2025 സെപ്റ്റംബറില്‍ വിപണിയിലെത്തിയ മാരുതി സുസുക്കിയുടെ രണ്ടാമത്തെ മിഡ്-സൈസ് എസ്യുവിയായ വിക്ടോറിസ് വെറും 8 മാസത്തിനുള്ളില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന മറികടന്നിരുന്നു. അവതരിപ്പിച്ച് വെറും 5 മാസത്തിനുള്ളില്‍ ആദ്യത്തെ 50,000 വില്‍പ്പന നാഴികക്കല്ല് പിന്നിട്ട വാഹനം പിന്നീട് 3 മാസത്തിലാണ് 1 ലക്ഷം കവിയുന്നത്. മാത്രമല്ല, എസ്യുവിയുടെ വില 39,000 രൂപയോളം കുറച്ചും മാരുതി സുസുക്കി ആളുകളെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ ഇതിന് പുറമെ മോഡലിന് 2026 ജൂലൈ മാസത്തേക്കായി കിടിലന്‍ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. എസ്യുവിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 90,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നത്. സിഎന്‍ജി വേരിയന്റുകള്‍ക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങളും പെട്രോള്‍ മോഡലുകള്‍ക്ക് 60,000 രൂപ വരെ ഡിസ്‌കൗണ്ടും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്ത വേരിയന്റുകളില്‍ വിപണിയിലെത്തിയിരിക്കുന്ന മാരുതി സുസുക്കി വിക്ടോറിസിന് നിലവില്‍ 10.50 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ ഹൃദയം.
പെട്രോള്‍ എഞ്ചിന് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോ, സ്‌ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎന്‍ജി വേരിയന്റുകള്‍ക്ക് 5-സ്പീഡ് മാനുവല്‍ എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. മൈലേജിലേക്ക് വന്നാല്‍ 28.65 കിലോമീറ്റര്‍ ആണ് ഹൈബ്രിഡ് വേരിയന്റുകള്‍ നല്‍കുക. വിക്ടോറിസിന്റെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.
അതേസമയം പെട്രോള്‍ AWD വേരിയന്റിന് ലിറ്ററിന് 19.07 കിലോമീറ്ററാണ് ലഭിക്കുക. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റ്, ഗ്ലോബല്‍ NCAP എന്നീ ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ മാരുതി സുസുക്കിയുടെ ആദ്യ എസ്യുവി കൂടിയാണ് വിക്ടോറിസ്. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 34-ല്‍ 33.72 പോയിന്റും കുട്ടികളുടെ വിഭാഗത്തില്‍ 49-ല്‍ 41 പോയിന്റും കരസ്ഥമാക്കാന്‍ മോഡലിന് സാധിച്ചിട്ടുണ്ട്.






