തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളിയായ മുരുകന് മരിച്ച സംഭവത്തിലെ ഡിഎച്ച്എസിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പിജി ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുന്നത് നീതി നിഷേധമാണെന്ന് കെഎംപിജിഎ കുറ്റപ്പെടുത്തി. നീതി നിഷേധമുണ്ടായാല്‍ സമരത്തിലേക്ക് നീങ്ങുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ഏഴോളം ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുരുകന് മരിച്ച സംഭവത്തില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറെയും രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരേയും ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ഇതേതുടര്‍ന്ന് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മുരുകന്റെ മരണത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍ സരിതയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടു വരുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിച്ചില്ലെന്നും മുരുകന് ചികിത്സ കിട്ടാതിരിക്കാനുള്ള നടപടികളാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.






