
കൊച്ചി: നടി ആക്രമിക്കപ്പെട്ട് കേസില്‍ പ്രതിയായ നടന് ദിലീപിനെതിരേ മറ്റൊരു നടന് അനൂപ് ചന്ദ്രന്. ദിലീപ് തന്റെ അവസരം ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും സിനിമാ സെറ്റില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് അനൂപ് ചന്ദ്രന്റെ ആരോപണം. പ്രത്യേക അന്വേഷണ സംഘത്തിന് താരം മൊഴി നല്‍കിയതായിട്ടാണ് വിവരം. മിമിക്രിയെ വിമര്‍ശിച്ചതിനാണ് തനിക്കെതിരേ തിരിയാന്‍ കാരണമെന്നാണ് താരം പറഞ്ഞത്.
ദിലീപിനൊപ്പം കാര്യസ്ഥന്, വിനോദയാത്ര, പാസഞ്ചര്‍, മുല്ല തുടങ്ങി അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അനൂപ് ചന്ദ്രന്. കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നാദിര്‍ഷ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് താരത്തിന് നോട്ടീസ് നല്കി. നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാദിര്‍ഷയെ പോലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായാണ് സൂചന. രാത്രി പത്തരയോടെയാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.
അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസീക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളിയിരുന്നു.
കേസില്‍ അറസ്റ്റിലായ ദിലീപിനെയും, നാദിര്‍ഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരായ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നാദിര്‍ഷായെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.






