കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറ്റം സംബന്ധിച്ച പരാതിയില്‍ നടന് ജയസൂര്യയെ പ്രതിയാക്കി വിജിലന്‍സിന്റെ കുറ്റപത്രം തയ്യാറായി. ജയസൂര്യയും കൊച്ചി കോര്പ്പറേഷന് ഉദ്യോഗസ്ഥരും പ്രതികളാണ്. ജയസൂര്യ തീരദേശ നിയമവും കെട്ടിട നിര്‍മ്മാണ നിയമവും ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
നടന് ജയസൂര്യ കായല്‍ കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ശനിയാഴ്ച സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് ഒരു മാസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കളമശേരി സ്വദേശി ഗീരിഷ് ബാബു നല്കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജയസൂര്യയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപത്തെ ബോട്ടുജെട്ടി നിര്‍മ്മിച്ചതും ചുറ്റുമതില്‍ കെട്ടിയതും കായല്‍ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു പരാതി.






