
പട്ടിണിയും അരക്ഷിതാവസ്ഥയും കൊണ്ട് മ്യാന്മറില് നിന്ന് ജീവനുമായി നാടുവിടുന്ന അഭയാര്‍ഥികള്‍ ലോകത്തിന് നൊമ്പരമാകുമ്പോള്‍, റോഹിംഗ്യകളുടെ ദൈന്യത മനസ്സിലാക്കുന്ന മറ്റൊരു ചിത്രവും പുറത്ത് വന്നു. മ്യാന്മറില് നിന്നുള്ള പലായനത്തിനിടെ മരിച്ച കൈക്കുഞ്ഞിനെയെടുത്തുകൊണ്ടുള്ള അമ്മ വിലപിക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ഹമീദയും ഭര്‍ത്താവ് നസീര്‍ അഹമ്മദും രണ്ട് ആണ്മക്കളും അഞ്ചാഴ്ച പ്രായമുള്ള ഈ കുഞ്ഞും ഉള്‍പ്പെടെ 18 പേരാണ് ഒരു ബോട്ടില്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. എന്നാല്‍ തീരം അടുക്കാറായപ്പോള്‍ അവരുടെ ബോട്ട് തലകീഴായ് മറിയുകയായിരുന്നു.
അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന റോയിട്ടേഴ്സിന്റെ ഫോട്ടോ ഗ്രാഫര്‍ മുഹമ്മദ് പോനിര് ഹുസൈനാണ് ഈ ചിത്രവും എടുത്തത്. ബോട്ട് മറിഞ്ഞ വിവരം ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞ് അവിടെയെത്തുമ്പോള്‍, ഒരു കൂട്ടം ആളുകള്‍ ഒരു കൈക്കുഞ്ഞിന്റെ ജഡവുമായി വരുന്നതാണ് ഹുസൈന് കണ്ടത്. മരവിച്ച കുഞ്ഞിന്റെ മൃതദേഹവുമായി ഹമീദ കരയുന്ന ചിത്രം ഹുസൈന് തുടര്‍ന്ന് തന്റെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ആളുകള്‍ കൂടിനില്‍ക്കെ, മകന്റെ ജഡവുമായി പോകുന്ന നസീര്‍ അഹമ്മദിന്റെ ഫോട്ടോയും ഹുസൈനെടുത്തു. ഇതുവരെ നാലുലക്ഷത്തോളം അഭയാര്‍ഥികള്‍ ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. റോഹിംഗ്യയില്‍ സൈന്യം നടത്തുന്നത് വംശഹത്യയാണെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു.






