
ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ശക്തിപ്പെടണമെങ്കില്‍ ബി.ഡി.ജെ.എസ്, എന്‍.ഡി.എ. വിടണമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. താന്‍ ബി.ഡി.ജെ.എസിന്റെ ഭാഗമല്ല. അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും വെള്ളാപ്പള്ളി. ബി.ജെ.പിക്കു കേരളത്തില്‍ അജന്‍ഡ വേറെയാണ്. ഇവിടെ ഭരണം കിട്ടില്ലെന്ന് അമിത് ഷാ അടക്കമുള്ള നേതാക്കള്‍ക്കറിയാം. അതുകൊണ്ട് അവര്‍ വേറെ ആരെയും അടുപ്പിക്കില്ല. സ്വന്തം പാര്‍ട്ടിയുടെ വളര്‍ച്ചമാത്രമാണ് അവര്‍ക്കു പ്രധാനം.
ജനരക്ഷായാത്രയുടെ പ്രചാരണ ബോര്‍ഡുകള്‍തന്നെ അതിന് ഉദാഹരണമാണ്. അമിത് ഷായും കുമ്മനം രാജശേഖരനുമല്ലാതെ ബോര്‍ഡുകളില്‍ ആരുമില്ല. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും വെള്ളാപ്പള്ളി 'മംഗള'ത്തോട് വിശദീകരിച്ചു.
8 ക്രൂശിച്ചത് കോണ്‍ഗ്രസ്
* എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചാല്‍ ബി.ഡി.ജെ.എസുമായി ചര്‍ച്ചകള്‍ക്ക് തയാറാണെന്ന കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. ഹസനോടു സ്നേഹമുണ്ട്. ബഹുമാനവും. പക്ഷേ, കൊല്ലാനാണോ വളര്‍ത്താനാണോ ക്ഷണിച്ചതെന്നു സംശയമുണ്ട്. ബി.ഡി.ജെ.എസ് രൂപീകരണവേളയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ ക്രൂരമായി തന്നെയും എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തേയും കടന്നാക്രമിച്ചത് കോണ്‍ഗ്രസാണ്. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനും കൂട്ടരും കള്ളക്കേസില്‍ കുടുക്കാന്‍ നോക്കി. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസെടുക്കാന്‍ തുനിഞ്ഞു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നയാള്‍ എതിരായി മൊഴി നല്കി. അന്നൊന്നും ഹസനെപ്പോലുളള ആരും പ്രതികരിച്ചില്ല. ആലപ്പുഴയില്‍ പൊതുസമ്മേളനം വിളിച്ചുചേര്‍ത്ത് സുധീരനും ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറും ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് എം. ലിജുവുമടക്കമുള്ളവര് ആക്ഷേപിച്ചു. അന്നു ചെയ്തതൊക്കെയും തെറ്റായിപ്പോയെന്ന് പരസ്യപ്രസ്താവനയിറക്കാന്‍ ഹസന് തയാറാണോയെന്ന് വ്യക്തമാക്കണം.
8 പിണറായി മാന്യന്; പക്വതയുള്ളയാള്‍
* രാഷ്ട്രീയ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഏറെ പക്വതയുള്ളയാളാണ് പിണറായി വിജയന്. രാഷ്ട്രീയമായി വിയോജിപ്പുണ്ടായ ഘട്ടത്തിലും വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു വാക്കുപോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. വ്യക്തിഹത്യ ചെയ്തവരുടെ കൂടെനിന്നില്ല. രാഷ്ട്രീയമായി എതിര്‍ത്തു. ഒപ്പം രാഷ്ട്രീയ മര്യാദപുലര്ത്തി. പിണറായി വിജയനിലൂടെ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച സാധിക്കും.
8 വി.എസിന്റെ വിരോധത്തില്‍ കാര്യമില്ല
* ഒരുകാലത്ത് വി.എസ് അച്യുതാനന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എസ്.എന്‍. കോളജുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളടങ്ങിയ നിവേദനങ്ങളുമായി സെക്രട്ടേറിയറ്റിലെത്തി. പാര്‍ട്ടി സെക്രട്ടറിയായ പിണറായിയെ കാണാനായിരുന്നു നായനാരുടെ നിര്‍ദേശം. തുടര്‍ന്ന് പിണറായിയെക്കണ്ട് ചര്‍ച്ച നടത്തി. ഇതറിഞ്ഞ വി.എസിന് അകല്‍ച്ചയുണ്ടായി. പുതിയ പുതിയ ബന്ധങ്ങള്‍ക്ക് ശ്രമിക്കുകയാണല്ലോയെന്ന് പിന്നീട് നീരസത്തോടെ പറയുകയും ചെയ്തു. തുടര്‍ന്ന് പലപ്പോഴും തന്നെ വി.എസ് കടന്നാക്രമിച്ചു.
െമെക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് 2,000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നുവരെ കുറ്റപ്പെടുത്തി. വി.എസിന്റെ എതിര്‍പ്പില്‍ കാര്യമില്ല. അതിനുളള ശക്തി പാര്‍ട്ടിയിലോ എല്‍.ഡി.എഫിലോ പോലും ഇപ്പോള്‍ അദ്ദേഹത്തിനുണ്ടെന്നു കരുതുന്നില്ല. ലാവ്ലിന് കേസിനു പിന്നിലെ ശക്തി വി.എസ് ആയിരുന്നുവെന്ന് തിരിച്ചറിയാത്തവരാരുണ്ട്?. എന്നിട്ട് വര്‍ഷങ്ങള്‍ കേസ് കളിച്ച് പിണറായി വിജയന് നിരപരാധിയാണെന്നു തെളിഞ്ഞപ്പോള്‍ പ്രതികരിക്കാന്‍പോലും വി.എസ് തയാറായില്ലല്ലോ?
8 കണ്ണന്താനം നല്ലൊരു ഭരണാധികാരി; പക്ഷേ ഗുണമുണ്ടാകില്ല
* ഗ്രൂപ്പുകളിക്കാര്‍ നിറഞ്ഞ കേരള ബി.ജെ.പിയിലുളളവരെ തഴഞ്ഞാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേന്ദ്ര നേതൃത്വം മന്ത്രിക്കുപ്പായം നല്‍കിയത്. കണ്ണന്താനം നല്ലൊരു ഭരണാധികാരിയാണ്. അതുകൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികളുടെ വോട്ട് ബി.ജെ.പിക്ക് കിട്ടില്ല. പി.സി തോമസിനെ മുമ്പൊരിക്കല്‍ മന്ത്രിയാക്കിയിട്ട് എന്ത് ഫലമുണ്ടായെന്ന് ചിന്തിക്കണം.
8 കുമ്മനം സന്യാസിയാകേണ്ടയാള്; മുരളീധരന് കൗശലക്കാരന്
* ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനു പ്രതിഛായയുണ്ട്. പക്ഷേ അദ്ദേഹമൊരു നേതാവല്ല. സന്യാസിയാകേണ്ടയാളാണ്. മുന്‍ പ്രസിഡന്റ് വി. മുരളീധരന് ചാണക്യനാണ്. കൗശലക്കാരനും. കേരളത്തില്‍ നേതൃമാറ്റംകൊണ്ടൊന്നും പ്രയോജനമുണ്ടാകാനിടയില്ല. മാറ്റി പ്രതിഷ്ഠ നടത്തിയാലും വെള്ളം ഇതുതന്നെയല്ലേ? ബി.ജെ.പിയില്‍ ഓരോ നേതാക്കളും ഓരോ ഗ്രൂപ്പുകളുടെ നേതാക്കളാണ്. അമിത് ഷാ നേരിട്ടുവന്ന് വാണിങ് കൊടുത്തിട്ടും അവര്‍ ഗ്രൂപ്പുകളി നിര്‍ത്തിയില്ല. അതുകൊണ്ടു തന്നെ കേരളത്തില്‍ നിന്ന് എം.പിയെ നേടാനോ സംസ്ഥാന ഭരണം പിടിക്കാനോ അവര്‍ക്കു സാധിക്കുമെന്ന് കരുതുന്നില്ല.






