
മാഡ്രിഡ്: സ്വന്തം തട്ടകത്തില്‍ കരുത്തേറുന്ന റയല്‍മാഡ്രിഡിന് സ്പാനിഷ് ലാലിഗയില്‍ അപ്രതീക്ഷിത തിരിച്ചടി. സാന്റിയാഗോ ബെര്‍ണേബുവില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസില്‍ നിന്നുമായിരുന്നു നിലവിലെ ചാമ്പ്യന്മാര്ക്ക് പരാജയം നേരിടേണ്ടി വന്നത്.
സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയും ബെയ്ലും ലൂക്കാ മോഡ്രിച്ചും ഉള്‍പ്പെടെയുള്ള വമ്പന്‍ കളിക്കാര്‍ നിരന്നിട്ടും കിട്ടിയ 27 ചാന്‍സുകളില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. കളിയില്‍ 60 ശതമാനം ബോള്‍ പൊസെഷനോടെ പൂര്‍ണ്ണമായും നിയന്ത്രണം പിടിച്ചിട്ടും റയലിന് ഗോള്‍ മാത്രം അകന്നു നിന്നു. സൂപ്പര്‍ താരങ്ങള്‍ പോലും അവസരങ്ങള്‍ തുലയ്ക്കുന്നത് കണ്ട മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെ കളിയുടെ അവസാന ഇഞ്ചുറി സമയത്ത് 21 കാരന് ഡിവെഡ് ഒന്റോ അന്റോണിയോ ബാറാഗന്റെ ഹെഡ്ഡര്‍ റയല്‍ ഗോളി കെയ്ലര് നവാസിനെ കീഴടക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ റയല്‍ പട്ടികയില്‍ ഒന്നാമതുള്ള ബാഴ്സിലോണയുമായുളള അകലം ഏഴായി വര്‍ദ്ധിച്ചു.
അഞ്ചു മത്സരങ്ങളില്‍ വിലക്ക് നേരിട്ട് ലാലിഗയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെട്ടു പോയ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ മടങ്ങിവരവ് മത്സരത്തിലായിരുന്നു റയല്‍ തോറ്റത്. ആദ്യ രണ്ടു മത്സരങ്ങള്‍ അവര്‍ക്ക് സമനിലയായിരുന്നു. 1998 ഒക്ടോബറില്‍ 1-0 ന് ജയിച്ചതിന് ശേഷം ബെറ്റിസ് ആദ്യമായിട്ടാണ് റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുന്നത്. തോല്‍വിയറിയാത്ത 73 മത്സരങ്ങളെന്ന റയലിന്റെ റെക്കോഡും ബെറ്റിസിന് മുന്നില്‍ വീണുടഞ്ഞു. വിജയം ബെറ്റിസിനെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തു.
പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് അത്ലറ്റിക്കോ ബില്‍ബാവോയെ 2-1 ന് തകര്‍ത്തപ്പോള്‍ രണ്ടാം സ്ഥാനക്കാരായ സെവില്ല ഒരു ഗോളിന് ലാസ് പാമാസിനെ മറികടന്നു. ഡിപ്പോര്‍ട്ടീവോ ലാ കൊരുണ അലാവസിനെയും ഇതേ സ്കോറില്‍ തോല്‍പ്പിച്ചപ്പോള്‍ ലെഗാനീസ് ഗിരോണ മത്സരം സമനിലയിലായി.






