
ബംഗലൂരു: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണയുടെ മരുമകന് വി.ജി സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതയിലുള്ള കഫെ കോഫി ഡേയില്‍ നടന്ന റെയ്ഡില്‍ പുറത്തുവന്നത് 650 കോടിയുടെ വെളിപ്പെടുത്താത്ത സമ്പാദ്യം. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡില്‍ 25 കേന്ദ്രങ്ങളില്‍ നിന്നായി നിരവധി രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. കര്‍ണാടക, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഞായറാഴ്ചയാണ് റെയ്ഡ് അവസാനിച്ചത്.
സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതയിലുള്ള കോഫി, ടൂറിസം, ഐടി, തുടങ്ങിയ എല്ലാ മേഖലയിലുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. 650 കോടിയുടെ അനധികൃതസ്വത്ത് ഉണ്ടെന്നാണ് പ്രാഥമിക വിവരം. അതില്‍ കൂടുതല്‍ വന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സിദ്ധാര്‍ത്ഥയുടെ മറ്റ് ഉദ്യോഗസ്ഥരുടെയും വീടുകളിലും റെയ്ഡ് നടന്നിരുന്നു. ബംഗലൂരു, ചിക്കമംഗലൂരു, ഹസ്സന്, മൈസൂരു തുടങ്ങി കര്‍ണാടകയില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഇവരുടെ ബിസിനസ് ശൃംഖല. എസ്.എം കൃഷ്ണയുടെ മൂത്ത മരുമകനാണ് സിദ്ധാര്‍ത്ഥ.
1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു കൃഷ്ണ. പിന്നീട് യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയുമായി. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.






