
തന്റെ ആരാധകരെന്ന് അവകാശപ്പെടുന്നവര്‍ യുവനടി അന്ന രേഷ്മ രാജനെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ മമ്മൂട്ടി മൗനം വെടിയണമെന്ന് വി.ടി.ബല്‍റാം എംഎല്‍എ. ആ ആരാധകസംഘത്തെ അംഗീകരിക്കുന്നുവെങ്കില്‍ നടിയോട് മമ്മൂട്ടി ക്ഷമാപണം നടത്തണമെന്നും അല്ലാത്തപക്ഷം ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
'തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണം. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്..'
ചാനല്‍ പരിപാടിയ്ക്കിടെ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ചുള്ള ചോദ്യത്തിന് രേഷ്മ രാജന് നടത്തിയ പ്രതികരണമാണ് മമ്മൂട്ടി ആരാധകരെ പ്രകോപിപ്പിച്ചത്. മമ്മൂട്ടിയും ദുല്‍ഖറും ഒപ്പമഭിനയിച്ചാല് ആര് നായകനാകണമെന്നായിരുന്നു ചോദ്യം. ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെയെന്നായിരുന്നു അവരുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷമായതോടെ ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണവുമായി രേഷ്മ രംഗത്തെത്തിയിരുന്നു. വിശദീകരണത്തിനിടെയും മോശം കമന്റുകളുമായി ആരാധകര്‍ എത്തിയതോടെ ലൈവിനിടെ അവര്‍ വിങ്ങിപ്പൊട്ടിയിരുന്നു. നടിക്കെതിരായ ആക്രമണത്തിനെതിരെ വ്യാപകമായ പ്രതികരണമാണ് പിന്നാലെ ഉണ്ടായത്. പിന്നീട് മമ്മൂക്ക തന്നെ നേരിട്ട് വിളിച്ച് സംസാരിച്ചുവെന്നും ഇനി ഒരു വിമര്‍ശനത്തിലും തകരില്ലെന്നും അന്ന പറഞ്ഞു.






