
ഇടുക്കി/മലപ്പുറം: ദിലീപിന്റെ റിലീസില്‍ തീരുമാനമായില്ലെങ്കിലും ദിലീപിന്റെ സിനിമ രാമലീല ഇന്ന് റിലീസാകും. ഒപ്പം കേസിലെ ഇടപെടലുകളുടെ പേരില്‍ ദിലീപ് പക്ഷം ആരോപണങ്ങളുന്നയിച്ച നടന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ സിനിമ ഉദാഹരണം സുജാതയും. നായകന് ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയവേ സിനിമ റിലീസ് ചെയ്യുന്ന അസാധാരണസംഭവത്തിനാണു കേരളത്തിലെ തിയറ്ററുകള്‍ സാക്ഷ്യം വഹിക്കുക.
ദീലിപ് ജയിലിലാണെങ്കിലും ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയില്‍ രാമനുണ്ണി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പുലിമുരുകന് എന്ന സിനിമയ്ക്കു ശേഷം വലിയ ബജറ്റില്‍ ടോമിച്ചന് മുളകുപാടം നിര്‍മിച്ച രാമലീലയുടെ റിലീസ് ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് അനിശ്ചിതത്വത്തിലായത്. ദിലീപ് പുറത്തിറങ്ങിയശേഷം റിലീസ് ചെയ്യാനായിരുന്നു മുന്തീരുമാനമെങ്കിലും ജാമ്യഹര്‍ജികള്‍ കോടതികള്‍ പലവുരു തള്ളിയതോടെയാണ് ഇന്ന് റിലീസ് നിശ്ചയിച്ചത്.
ചെണ്ടമേളവും ബാന്‍ഡ്സെറ്റും നാസിക്ധോളുമൊക്കെയായി രാമലീലയുടെ വരവ് ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ഫാന്‍സ് അസോസിയേഷന്. തിരുവനന്തപുരത്ത് ശ്രീകുമാര്‍ തിയറ്ററിലാണ് സംസ്ഥാന തല പരിപാടികള്‍ നടക്കുന്നത്. മറ്റു ജില്ലകളിലെ റിലീസ് കേന്ദ്രങ്ങളിലും ദിലീപിന്റെ വന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പാലഭിഷേകം ഉള്‍പ്പടെ നടത്താനാണു തീരുമാനം. ഫാന്‍സ് അംഗങ്ങള്‍ ദിലീപിന് അനുകൂലമായ ബാഡ്ജുകളും ധരിക്കും. കൂടാതെ പല സ്ഥലങ്ങളിലും ഫ്ളാഷ്മോബുകളും സംഘടിപ്പിച്ചിട്ടുണ്ട്. നീതിക്കൊപ്പം ദിലീപേട്ടനൊപ്പം എന്ന് ബാഡ്ജുകളിലും ഫ്ളക്സ് ബോര്‍ഡുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതലാണ് തീയേറ്ററുകളില്‍ രാമലീലയുടെ പ്രദര്‍ശനം ആരംഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് അരുണ്‍ ഗോപി ഉള്‍പ്പടെയുള്ളവര്‍ എറണാകുളത്ത് രാവിലെ ചിത്രം കാണാനെത്തും. ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്നും ചിത്രം എല്ലാവരും തീയേറ്ററില്‍ പോയി കാണണമെന്നും അര്‍ഹിക്കുന്നതാണെങ്കില്‍ പ്രോത്സാഹിപ്പിക്കണമെന്നും അരുണ്‍ ഗോപി മംഗള ത്തോട് പറഞ്ഞു.
രാമലീല റിലീസാകുന്ന നാല്പതോളം തിയറ്ററുകളിലെ ആദ്യ ഷോ ഫാന്‍സ് അസോസിയേഷന് ബുക്ക് ചെയ്തിട്ടുണ്ട്. ചിത്രത്തിനു മികച്ച വരവേല്‍പ്പ് നല്കുന്നതോടൊപ്പംതന്നെ ഫാന്‍സുകാര്‍ സംയമനം പാലിക്കണമെന്നു സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചിത്രവുമായി ബന്ധപ്പെട്ടു എന്തുപ്രശ്നങ്ങളുണ്ടായാലൂം ഇത് ദിലീപിനു ജാമ്യം അനുവദിക്കുന്നതിനു തടസമായി പ്രോസിക്യൂഷന് ഉന്നയിക്കുമെന്നും ഇതിനാല്‍ ഫാന്‍സുകാര്‍ സംയമനം പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം മുഴുവന്‍ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളെയും അറിയിച്ചിട്ടുണ്ടെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ഹാരിസ് തിരൂര്‍ മംഗള ത്തോട് പറഞ്ഞു. ഫാന്‍സുകാരുടെ പേരും പറഞ്ഞു തിയറ്ററുകളില്‍ ആരെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയാല്‍ ഇത്തരക്കാരെ കൈകാര്യം ചെയ്ുയമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മഞ്ജുവാര്യര്‍ മുഖ്യവേഷത്തിലെത്തുന്ന ഉദാഹരണം സുജാത നവാഗതനായ ഫാന്റം പ്രവീണ്‍ ആണു സംവിധാനം ചെയ്യുന്നത്. ദിലീപിനെതിരേയുള്ള മുറവിളികള്‍ സിനിമ ബഹിഷ്കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനത്തിലേയ്ക്കെത്തിയതോടെ സുജാതയ്ക്കൊപ്പം രാമലീലയും കാണണമെന്ന മജ്ഞുവാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജുവാര്യരാണ്. മഞ്ജുവിന്റെ മുന്‍ഭര്‍ത്താവ് കൂടിയായ ദിലീപ് ഗൂഢാലോചനക്കുറ്റത്തിനാണ് രണ്ടരമാസത്തിലേറെയയായി ജാമ്യം പോലും ലഭിക്കാതെ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.






