
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഒമാൻ തീരത്തിന് എട്ട് നോട്ടിക്കൽ മൈൽ കിഴക്കായാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുകെഎംടിഒ (UKMTO) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ ഇടതുവശത്ത് അജ്ഞാത വസ്തു പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്കിന് സമീപം വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാരപാതകളിലൊന്നായ ഈ മേഖലയിലെ പുതിയ സംഭവം അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് പുതിയ സർവീസ് ഫീസ് ഈടാക്കുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ സംസാരിക്കവെയാണ് ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറസൂൽ റഹ്‌മാനി ഫസ്ലി ഇക്കാര്യം അറിയിച്ചത്.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക സമുദ്രമേഖലയുടെ ഭാഗമാണെന്നും, അതിനാൽ അവിടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാൻ ഇറാന് അവകാശമുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത് ടോൾ പിരിവല്ലെന്നും, സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്ന സേവനഫീസാണെന്നും ഫസ്ലി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ ഇറാനെ പിന്തുണച്ച സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഫീസിൽ ഇളവും പ്രത്യേക പരിഗണനയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






