
ദിലീപ് മകളെ നന്നായി സ്നേഹിക്കുന്ന സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെ പെരുമാറുന്ന ഒരു നല്ല സുഹൃത്താണെന്നും അങ്ങിനെയുള്ള ഒരാള്‍ ഈ രീതിയിലൊന്നും പെരുമാറില്ലെന്നും അങ്ങിനെയായിരിക്കും സത്യമെന്നും സംവിധായകന് അരുണ്‍ഗോപി. ദിലീപ് നായകനാകുന്ന രാംലീല ആദ്യ ദിനം തന്നെ മികച്ച നിലയില്‍ മുന്നേറുമ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അരുണ്‍ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ് നടി ആക്രമിക്കപ്പെട്ട കേസ്. എന്നിരുന്നാലും ദിലീപിനെ വളരെ വ്യക്തിപരമായി അറിയാവുന്നയാളാണ് താന്‍. യാഥാര്‍ത്ഥ്യങ്ങള്‍ എവിടേയോ മറഞ്ഞു കിടക്കുകയാണ്. അത് പുറത്തുവരട്ടെ. അത് പോലീസ് കണ്ടെത്തട്ടെ. ആര്‍ക്കു വേണമെങ്കിലും തെറ്റുപറ്റാം. അന്വേഷണത്തിലെ പാളിച്ചകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു പാളിച്ച ഈ കേസില്‍ സംഭവിച്ചിട്ടുണ്ടോ എന്ന കോടതി കണ്ടെത്തി പറയേണ്ടതാണ്. ഇതു പറയുമ്പോഴും അനിഷ്ടസംഭവത്തിന് വിധേയയായ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിക്ക് ഉണ്ടായ വേദനയോടൊപ്പം നില്‍ക്കുന്നെന്നും യഥാര്‍ത്ഥപ്രതി പുറത്തുവന്ന ആ പെണ്‍കുട്ടിക്കും നീതി കിട്ടട്ടെയെന്നും അരുണ്‍ഗോപി പറയുന്നു.
ദിലീപും പ്രയാഗയും ഒരുമിക്കുന്ന രാംലീല ത്രില്ലര്‍ ജോണറിലുള്ള ഒരു പൊളിറ്റിക്കല്‍ സ്റ്റോറിയാണ്. സിനിമ എന്ന് പറയുന്നതിലും രാമലീലയില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. വല്യ കുഴപ്പമില്ലാതെ പ്രാക്ടീസുള്ള വക്കീലായ രാമനുണ്ണിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും ഒരു പാര്‍ട്ടിയോടും ചായ്വ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ വന്നു പെടുകയും ഒരു സാധാരണക്കാരന് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. ഒരു സാധാരണക്കാരന്റെ കഥ ആയതിനാലാണ് സിനിമയില്‍ ദിലീപിനെ തന്നെ നായകനാക്കിയത്.
അടുത്തവീട്ടിലെ പയ്യന് ഇമേജുള്ളയാളാകണം നായകനെന്ന ചിന്തയാണ് ദിലീപിലേക്ക് എത്തിയത്. സാധാരണക്കാരനാണെങ്കിലും ഒരേ സമയത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നു തോന്നുന്ന ആളായിരിക്കുകയും വേണം. അദ്ദേഹത്തിന്റെ ശരീരഭാഷ, സംസാരരീതി എന്നിവയിലൊക്കെ എവിടൊക്കെയോ നര്‍മ്മം ഉണ്ടെന്നു തോന്നണം. അതേസമയം അയാളുടെ ഉള്ളില്‍ ഒരു കനലുണ്ടാകണം. അങ്ങിനെ പല ഘട്ടത്തിലൂടെയാണ് രാമനുണ്ണി കടന്നു പോകുന്നത്.അങ്ങിനെയുള്ള ഒരു കഥാപാത്രം വന്നപ്പോള്‍ ആദ്യം ചിന്തയില്‍ എത്തിയത് ദിലീപാണ്. കഥ പറഞ്ഞപ്പോള്‍ തന്നെ ദിലീപ് ഏറെ താല്‍പ്പര്യം കാട്ടി. കഥ കേട്ട ദിലീപ് അപ്പോള്‍ തന്നെ ടോമിച്ചന് മുളകുപാടത്തെ വിളിക്കുകയും ദിലീപിന് കുഴപ്പമില്ലെങ്കില്‍ തനിക്കും ഇല്ലെന്ന് ടോമിച്ചന് പറയുകയും ചെയ്തതായി അരുണ്‍ഗോപി പറയുന്നു. ദിലീപിന്റെ റിമാന്‍ഡ് അടുത്ത 12 വരെ നീട്ടിയിട്ടുണ്ട്.






