
ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ 20 വര്‍ഷം ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ 'മാലാഖകുട്ടി' ഇന്ന് കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും മുന്നില്‍ ഇല്ലെന്ന ഗുര്‍മീതിന്റെ ദത്തുപുത്രിയും, മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണിപ്രീതിനോട് അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് കീഴടങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.
അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഇന്ന് എത്തി കീഴടങ്ങുമെന്നാണ് വിവരം. നേരിട്ടെത്തി കീഴടങ്ങാന്‍ താന്‍ ഹണിയോട് ഫോണിലൂടെ നിര്‍ദേശം നല്‍കിയതായി ഇതു സംബന്ധിച്ച് ഹണിപ്രീതിന്റെ അഭിഭാഷകന് പ്രദീപ് കുമാര്‍ ആര്യ തന്നെ വ്യക്തമാക്കി. നേരത്തെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ചൊവാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങാന്‍ അഭിഭാഷകന് നിര്‍ദേശം നല്കിയിരിക്കുന്നത്്.
ഹരിയാനയില്‍ സ്ഥിരതാമസമാക്കിയ ഹണിപ്രീതിനോട് ഹരിയാനയില്‍ തന്നെ മുന്‍കൂര്‍ ജാമ്യപേക്ഷ നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു. ഏറ്റവും നല്ല മാര്‍ഗം കീഴടങ്ങുകയാണെന്നും മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
ഹരിയാന പോലീസിന്റെ 43 കൊടുംകുറ്റവാളികളുടെ ലിസ്റ്റിലാണ് ഹണിപ്രീത്. ഗുര്‍മീത് കുറ്റവാളി ആണെന്ന കോടതി കണ്ടെത്തിയതിനു പിന്നാലെ പഞ്ചകുളയിലും-സിര്‍സയിലും നടന്ന കലാപകുറ്റമാണ് ഹണിപ്രീതിന്റെ പേരില്‍. കലാപത്തില്‍ 38 പേരാണ് മരിച്ചത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ദത്തുപുത്രി ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഹണിപ്രീതിനെതിരെ പോലീസ് കേസെടുത്തതിനു പിന്നാലെ ഹണിപ്രീത് ഒളിവില്‍ പോകുകയായിരുന്നു.






