തിരുവനന്തപുരം: രാജസ്ഥാനില്‍ മലയാളി യുവതിയെ 23 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയ്ക്ക് കത്തയച്ചു. സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി കത്തയച്ചത്. അതിക്രമത്തിനിരയായ മലയാളി യുവതിക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കണ്ടാലറിയാവുന്ന രണ്ട് പേര് ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ജെയ്പൂര്‍ റോഡില്‍ ശ്യാം മന്ദിറിന് സമീപം വാഹനം കാത്തുനില്‍ക്കുമ്പോഴാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. അതുവഴി വന്ന കാറില്‍ ലിഫ്റ്റ് നല്‍കാമെന്ന് അവര്‍ പറഞ്ഞുവെങ്കിലും യുവതി അത് നിരസിച്ചു. തുടര്‍ന്ന് ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.
തുടര്‍ന്ന് ഓടുന്ന കാറില്‍ യുവതിയെ രണ്ടു പേരും ചേര്‍ന്ന് മാനഭംഗപ്പെടുത്തി. അതിന് ശേഷം മറ്റ് ആറ് പേരെ കൂടി വിളിച്ചു വരുത്തി യുവതിയെ കാഴ്ചവച്ചു. അതിന് ശേഷം ജെയ്പൂരിലെ പാലന ഗ്രാമത്തില്‍ എത്തിച്ച് അവിടെ വച്ച് കൂടുതല്‍ പേര്‍ക്ക് യുവതിയെ കൈമാറി. തുടര്‍ന്ന് സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെ യുവതി തട്ടിക്കൊണ്ട് പോയ സ്ഥലത്ത് എത്തിച്ച് അവിടെ ഇറക്കി വിടുകയായിരുന്നു.
ബുധനാഴ്ചയാണ് യുവതിയുടെ പരാതി ലഭിച്ചത്. തുടര്‍ന്ന് 23 പേര്‍ക്കെതിരെ കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.






