റോത്തക്: ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ കലാപത്തിന് പ്രേരണ നല്‍കിയത് ഉള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായ ഹണിപ്രീത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഹരിയാന പോലീസ്. ചോദ്യം ചെയ്യലില്‍ ഒന്നും വെളിപ്പെടുത്താന്‍ ഹണിപ്രതീത് തയ്യാറാകുന്നില്ല. ഈ നില തുടര്‍ന്നാല്‍ നാര്‍കോ ടെസ്റ്റ് അടക്കം മറ്റ് വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് പഞ്ച്കുള പോലീസ് കമ്മീഷണര്‍ എ.എസ് ചാവ്ല വ്യക്തമാക്കി.
തന്റെ അനുയായികളായ യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹണിപ്രീതിനെതിരെ ഹരിയാന പോലീസ് കേസെടുത്തത്. ഇതേതുടര്‍ന്ന് ഒളിവില്‍ പോയ ഹണിപ്രീത് ചെവ്വാഴ്ചയാണ് പിടിയിലായത്. ദേശീയ മാധ്യമത്തിന് അഭിമുഖം നല്‍കിയതിന് പിന്നാലെ ഹണിപ്രീതിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.






