
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഡിഎംകെ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവും പരിഹാസവും ഉന്നയിച്ചു. പാർട്ടി ഫണ്ടെന്ന പേരിൽ അഴിമതി നടത്തിയ സർക്കാർ ഡിഎംകെയുടേതാണെന്നും അഴിമതിയിലൂടെ സമ്പാദിച്ച പണം കണ്ടെത്തി ഖജനാവിലേക്ക് തിരികെ എത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. പ്രസംഗത്തിൽ കടുത്ത നിലപാട് തുടർന്ന അദ്ദേഹം മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും കുട്ടിക്കഥകളിലൂടെ പരിഹസിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് പ്രതിഷേധിച്ച പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് സഭയെ “ഷൂട്ടിങ് സ്‌പോട്ടാക്കി മാറ്റി” എന്ന് പരിഹസിച്ചു. മുഖ്യമന്ത്രി സഭയെ തീയറ്ററാക്കി മാറ്റിയെന്നും, സ്പീക്കർ സംവിധായകനെപ്പോലെയും മന്ത്രിമാർ സഹസംവിധായകരെപ്പോലെയും പെരുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേമപദ്ധതികളെ കുറിച്ച് ഒന്നും പറയാതെ സിനിമാ ഡയലോഗുകളാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കാണിച്ചിരുന്ന ആക്ഷനുകൾ അനുകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.






