
പാലക്കാട്: ലേണേഴ്‌സ് ലൈസൻസ് പരീക്ഷ എഴുതാനെത്തിയ യുവതി ഇരുചക്രവാഹനം ഓടിച്ചെത്തിയതായി കണ്ടെത്തി. സംഭവത്തിൽ യുവതിക്കും വാഹന ഉടമയായ ഭർത്താവിനും ആലത്തൂർ സബ് ആർടിഒ ഓഫീസ് 10,000 രൂപ പിഴ ചുമത്തി.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും, ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനുമാണ് ഇരുവർക്കും 5,000 രൂപ വീതം പിഴ ചുമത്തിയത്. പരീക്ഷാ കേന്ദ്രത്തിലേക്ക് യുവതി വാഹനം ഓടിച്ചെത്തുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു.
പരീക്ഷയ്ക്ക് എത്തിയതിനാൽ ആദ്യം വിഷയം വ്യക്തമായിരുന്നില്ലെന്നും, പിന്നീട് പരിശോധനയിൽ വാഹനം ഓടിച്ചെത്തിയതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും അധികൃതർ അറിയിച്ചു.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോയിന്റ് ആർടിഒ കെ.ആർ. രാജു വ്യക്തമാക്കി.






